തിരുവനന്തപുരം: ''ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമൊക്കെയുള്ള ഒരു രാജാവ്''- ഡയലോഗിനൊപ്പം ആർപ്പുവിളികളും വർണക്കടലാസുകളും കൊട്ടകയിൽ നിറഞ്ഞു. പിന്നീടൊരിക്കൽ 'അമരത്തി'ലെ അച്ചൂട്ടി, തന്നെ സമാധാനിപ്പിക്കാൻ വിളിക്കുന്ന കടലിനെ നോക്കി ''കണ്ടാ വിളിക്കണ കണ്ടാ...സമാധാനിപ്പിക്കാനാണ്' എന്ന് മനസ്സു തുറന്നപ്പോൾ ഈ കൊട്ടകയ്ക്കുള്ളിൽ സങ്കടത്തിന്റെ കടലിരമ്പി.

ഇനി പക്ഷേ, ഈ വെള്ളിത്തിരയിൽ കഥകളും താരങ്ങളും തെളിയില്ല. വിസിലടികൾ നിറയില്ല. 45 വർഷത്തെ സിനിമാചരിത്രം പേറിയിരുന്ന ആയുർവേദ കോളേജ് റോഡിലെ ധന്യ-രമ്യ തിയേറ്റർ ഓർമയായി. ലോക്ഡൗണിനെ തുടർന്ന് ഒരുവർഷം മുൻപ് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം കഴിഞ്ഞദിവസം പൂർണമായും നിലംതൊട്ടു. ഇനിയിവിടെ ഉയരുന്നത് വ്യാപാരസമുച്ചയം. ധന്യാ-രമ്യയുടെ ടിക്കറ്റ് കൗണ്ടറിൽ തിക്കിത്തിരക്കിയിരുന്ന പല തലമുറകൾക്ക് ഗൃഹാതുരമായ വേദനയാവുകയാണ് ഈ മാറ്റം.

1977-ലാണ് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ഇരു തിയേറ്ററുകളുടെ സമുച്ചയം പ്രവർത്തനമാരംഭിച്ചത്. കസ്തൂരി, ശ്രീകാന്ത് എന്നായിരുന്നു അന്നത്തെ പേരുകൾ. ശശികുമാർ സംവിധാനം ചെയ്ത് പ്രേംനസീറും തിക്കുറിശ്ശി സുകുമാരൻ നായരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 'സഖാക്കളെ മുന്നോട്ട്', ഹോളിവുഡ് യുദ്ധ സിനിമയായ 'സ്പാർട്ടക്കസ്' എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ. 1979-ൽ തിയേറ്ററുകൾ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്തതോടെ ധന്യ, രമ്യ എന്നിങ്ങനെയായി പേര്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഷാനവാസും അംബികയും ജോടികളായ 'പ്രേമഗീതങ്ങളും' പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത് സുകുമാരനും സീമയും അഭിനയിച്ച 'അവതാര'വുമായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ. തലസ്ഥാനത്തെ മേയറായിരുന്ന എം.പി.പത്മനാഭനാണ് തിയേറ്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഒരുകാലത്ത് മമ്മൂട്ടിച്ചിത്രങ്ങൾ പതിവായി റിലീസ് ചെയ്തിരുന്ന തിയേറ്ററാണിത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇൻസ്‌പെക്ടർ ബൽറാം, അമരം, കോട്ടയം കുഞ്ഞച്ചൻ, ഹിറ്റ്‌ലർ, കൗരവർ, ധ്രുവം, കഥ പറയുമ്പോൾ...ഇങ്ങനെ നീളും ആ ഹിറ്റ് പട്ടിക. 'രാജാവിന്റെ മകൻ' കണ്ട് ആരാധകർ മോഹൻലാലിനെ സൂപ്പർസ്റ്റാറായി വാഴിച്ചതും ഈ കൊട്ടയ്ക്കുള്ളിൽവെച്ചായിരുന്നു.

ജിജോ സംവിധാനം ചെയ്ത, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഇവിടെ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചു.

തെലുങ്ക് ഡബ്ബ് ചിത്രമായ 'അങ്ങ് വൈകുണ്ഠപുരത്താ'ണ് ഒടുവിൽ പ്രദർശിപ്പിച്ച ചിത്രം. തലസ്ഥാനത്തിന്റെ താരാരാധനയുടെ ആർപ്പുവിളികളും, ബാല്യ-കൗമാരങ്ങളുടെ ഓർമകളും പേറിയിരുന്ന ഈ കൊട്ടക നിന്നിടത്താണ് ഇനി മുത്തൂറ്റ് ഗ്രൂപ്പിന്റെ കെട്ടിടം ഉയരുന്നത്. പുതിയ കെട്ടിടത്തിൽ ഒരു മൾട്ടിപ്‌ളെക്‌സ് വന്നേക്കുമെന്ന പ്രതീക്ഷയുമുണ്ട് തലസ്ഥാനവാസികൾക്ക്.

Content Highlights: Dhanya Remya Trivandrum, Malayalam Movies