ചാനൽ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് നടൻ ധനുഷിന്റെ ഇറങ്ങിപ്പോക്ക്. അവതാരകയുടെ ചോദ്യത്തിൽ പ്രകോപിതനായ നടൻ ഇതൊരു അനാവശ്യ ഇന്റർവ്യൂ ആണെന്ന് പ്രഖ്യാപിച്ചാണ് ഇറങ്ങിപ്പോയത്. തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്‌സ് വിവാദത്തെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ പ്രകോപിതനാക്കിയത്.

തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 ന്റെ പ്രചരണാർഥം നടത്തിയ അഭിമുഖത്തിനായി താരം ടിവി 9 ചാനലിന്റെ ഹൈദരാബാദിലെ  സ്റ്റുഡിയോയിലെത്തിയത്. സുചിലീക്‌സ് എന്ന പേരിൽ ഗായിക സുചിത്രാ കാർത്തിക്കിന്റെ പേരിലുള്ള ട്വിറ്റർ  അക്കൗണ്ടിൽ നിന്ന് പുറത്തുവന്ന ചൂടൻ ചിത്രങ്ങളിൽ ധനുഷും ഹൻസികയും തൃഷയും അനിരുദ്ധും ഉൾപ്പെടുന്ന സ്വകാര്യ നിമിഷങ്ങളും ഉണ്ടായിരുന്നു. ധനുഷിനെതിരെ പല പരാമർശങ്ങളും ഇതിലൂടെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തെത്തുടർന്നാണ് ധനുഷിന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്കുണ്ടായത്.

ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായോ എന്ന് അവതാരക ചോദിച്ചതും ധനുഷ് ചാടിയെഴുന്നേൽക്കുകയായിരുന്നു. 'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ക്വസ്റ്റ്യൻ' എന്ന് പറഞ്ഞ് മൈക്ക് ഊരിയെറിഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. സുചിലീക്‌സ് സംഭവത്തിനുശേഷം ആദ്യമായാണ് ഒരു അഭിമുഖത്തിൽ ധനുഷിന് നേരെ അതേക്കുറിച്ച് ചോദ്യമുണ്ടായത്.

വീഡിയോ കാണാം