വേലയില്ലാ പട്ടൈധാരി 2ന്റെ പ്രചരണവുമായി ബന്ധപ്പെട്ട ചാനൽ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി നടൻ ധനുഷ്. സുചി ലീക്ക്‌സിനെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ അസ്വസ്ഥനാക്കിയത്. ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്ററില്‍ നിന്ന്  ധനുഷ് അടക്കം നിരവധി യുവതാരങ്ങളുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണം സുചിത്ര നല്‍കിയതെങ്കിലും ഇപ്പോഴും ദുരൂഹത വിട്ടുപോയിട്ടില്ല.

അഭിമുഖത്തില്‍ സുചി ലീക്ക്‌സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ധനുഷ് മറുപടി പറയാന്‍ വിസമ്മതിച്ചു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ധനുഷ് ഇറങ്ങിപ്പോയി. ഇതായിരുന്നു സംഭവം. ഇതിനെക്കുറിച്ച് ധനുഷ് പറയുന്നതിങ്ങനെ:

'ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണവ. എന്നെ സംബന്ധിച്ച് ഇതൊന്നും പ്രധാന കാര്യങ്ങളല്ല. എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കൂ... ഞാന്‍ പറയാം. 15 വര്‍ഷമായി ഞാന്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ട്. പക്ഷെ എനിക്ക് ഒരു തളര്‍ച്ചയുമില്ല. പണ്ട് ഞാനൊരു കുഴിമടിയനായിരുന്നു.  ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അമ്മയുടെ പ്രാര്‍ഥനയാണ് എന്നെ രക്ഷിക്കുന്നത്'.