ചെന്നൈ: കോടതിയുടെ ഉത്തരവ് അനുസരിച്ച് നടത്തിയ ദേഹ പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ധനുഷ് അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമായിരുന്നെന്നും ഇപ്പോൾ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദമ്പതികള്‍ അവകാശപ്പെടുന്ന പ്രകാരം കൈമുട്ടില്‍ കറുത്ത അടയാളമില്ലെന്നും തോളെല്ലില്‍ കാക്കപ്പുള്ളിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിലും കഴമ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്‍- മീനാക്ഷി ദമ്പതിമാര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ  ആവശ്യം. 

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കി. ഇതിനുശേഷമാണ് കോടതി ധനുഷിന്റെ ദേഹത്ത് പരിശോധന നടത്തണമെന്ന് ഉത്തരവിട്ടത്. ഈ പരിശോധനയിൽ ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി തെളിഞ്ഞെന്നായിരുന്നു ആദ്യം വന്ന വാർത്ത.

കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റിയിരിക്കുകയാണ്.

വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആസ്പത്രി രേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. ദമ്പതിമാര്‍ അവകാശപ്പെട്ടതു പോലെ തന്റെ കഴുത്തിലും കൈയിലും കാക്കാപ്പുള്ളിയുണ്ടെന്നതും ധനുഷ് നിഷേധിച്ചിരുന്നു. 

dhanush

dhanudh