മിഴ് നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ വീണ്ടും രംഗത്ത്. തങ്ങളുടെ വാദം ശരിവയ്ക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നാണ് ഇവരുടെ വാദം. കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവർ ആരോപിച്ചു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും വാദിച്ച് രംഗത്തുവന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കതിരേശന്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം  തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.

വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റേതാണെന്ന് അവകാശപ്പെട്ട്  പഴയ ചിത്രങ്ങളും ഇവര്‍ തെളിവിനായി സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ട്രാന്‍സ്‌പോര്ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.