മിഴ് നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട ദമ്പതികളുടെ പരാതിയില്‍ ധനുഷിനോട് സ്കൂൾ കാലത്തെ യഥാർഥ രേഖകൾ ഹാജരാക്കാൻ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും വാദിച്ച് മേലൂർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇവരുടെ അവകാശവാദം വ്യാജമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍ ഹർജി നൽകിയിരുന്നു. ഇതിന്റെ വാദം കേൾക്കുമ്പോഴാണ് കോടതി യഥാർഥ സ്കൂൾ രേഖകൾ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.

കോടതിയില്‍ നടന്ന വാദത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇരുകൂട്ടരും സമര്‍പ്പിച്ചിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നുള്ള രേഖകളുടെ പകര്‍പ്പാണ് ധനുഷ് ഹാജരാക്കിയത്. ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ പ്രകാരം കുട്ടിയുടെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യില്‍ ഒരു കലയുമുണ്ട്. ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയിലാവട്ടെ തിരിച്ചറിയൽ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ല. തുടര്‍ന്നാണ് കോടതി ധനുഷിനോട് ഫെബ്രുവരി 22 ന് യഥാർഥ രേഖകൾ  ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ദമ്പതികൾ വാദിച്ചത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നു എന്നും ദമ്പതികള്‍ ആരോപിച്ചു.

വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റേതാണെന്ന് അവകാശപ്പെട്ട്  പഴയ ചിത്രങ്ങളും ഇവര്‍ തെളിവിനായി സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട് ട്രാന്‍സ്പോര്ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.