സിനിമയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് ധനുഷ്. പുതിയ ചിത്രമായ 'വേലയില്ലാ പട്ടധാരി'യുടെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് ആരാധകരോട് നന്ദി പറഞ്ഞ് താരം രംഗത്തെത്തിയത്. 

'തുള്ളുവതോ ഇളമൈ'യില്‍ തുടങ്ങിയ എന്റെ യാത്ര 'പവര്‍പാണ്ടി'യില്‍ എത്തി നില്‍ക്കുന്നു. ഈ വര്‍ഷം ഇനിയും ഒരുപാട് ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. കൂട്ടത്തില്‍ എന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വുണ്ടര്‍ബാര്‍ ഫിലിംസ് ഒരുക്കുന്ന രജനികാന്ത് ചിത്രവും ഉള്‍പ്പെടും. ഇത്രയും കാലം എനിക്ക് പിന്തുണയേകിയതിന്, എന്നെ വിശ്വസിച്ച് കഥാപാത്രങ്ങള്‍ നല്‍കിയതിന്, ഉയര്‍ച്ചയിലും താഴ്ചയിലും താങ്ങായി നിന്നതിന്, എല്ലാത്തിനും പ്രേക്ഷകരോടും സംവിധായകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഹൃദയം നിറഞ്ഞ നന്ദി- ധനുഷ് പറഞ്ഞു.  

2002 ലായിരുന്നു സംവിധായകനും നിര്‍മാതാവുമായ കസ്തൂരി രാജ തന്റെ ഇളയ മകനായ വെങ്കടേഷ് പ്രഭു എന്ന ധനുഷിനെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ആറ് സ്‌കൂള്‍ വിദ്യര്‍ത്ഥികളുടെ കഥ പറഞ്ഞ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സിനിമകളില്ലാതെ സാമ്പത്തികമായി ഏറെ തകര്‍ന്നിരുന്ന കസ്തൂരി രാജയെ സംബന്ധിച്ച് ഒരു ഭാഗ്യ പരീക്ഷണമായിരുന്നു 'തുള്ളുവതോ ഇളമൈ'. മൂത്ത മകനായ സെല്‍വരാഘവനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിര്‍മാതാവായ എം രാമകൃഷ്ണനൊപ്പം ചേര്‍ന്ന് കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ കസ്തൂരി രാജ ആ സിനിമയില്‍ നിക്ഷേപിച്ചു. പുതുമുഖങ്ങളെ അണിനിരത്തിയ ഒരു പരീക്ഷണമായിരുന്നിട്ടു കൂടി 'തുള്ളുവതോ ഇളമൈ' തമിഴ്‌നാട്ടില്‍ മികച്ച വിജയം നേടി. 

പിന്നീട് സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിച്ച ധനുഷ്, സെല്‍വരാഘവന്‍ സംവിധാനം ചെയ്ത 'കാതല്‍കൊണ്ടേന്‍' എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തി നേടുന്നത്. ധനുഷ് അവതരിപ്പിച്ച അന്തര്‍മുഖനും മാനസികരോഗിയുമായ വിനോദ് എന്ന കഥാപാത്രം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടി.

വെട്രിമാരന്‍ സംവിധാനം ചെയ്ത 'ആടുകളം' എന്ന ചിത്രമാണ് ധനുഷിനെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നത്. 2013 ലാണ് ധനുഷിന്റെ ബോളിവുഡ് പ്രവേശം. 'രാഝന' എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ധനുഷ് കരസ്ഥമാക്കി. പിന്നീട് അമിതാഭ് ബച്ചനൊപ്പം വേഷമിട്ട 'ഷമിതാഭ്' എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'എന്നൈ നോക്കി പായും തോട്ട', സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന 'വേലയില്ലാ പട്ടധാരി 2', 'വട ചെന്നൈ' എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് ചിത്രങ്ങള്‍.