മിഴകത്തെ സൂപ്പര്‍ താരമാണ് ധനുഷ്. കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണെങ്കിലും താരത്തിന്റെ കുടുംബം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രമാണ്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന വികടന്‍ ടിവി അവാര്‍ഡില്‍ ധനുഷിന്റെ കുടുംബം ഒരു സര്‍പ്രൈസ് അദ്ദേഹത്തിനു നല്‍കുകയുണ്ടായി.

ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ധനുഷിനായിരുന്നു. പുരസ്‌കാരപ്രഖ്യാപനത്തിന് ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചൊരു വിഡിയോ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു. അച്ഛന്‍ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും മകനെക്കുറിച്ച് പറയുന്ന വാക്കുകളായിരുന്നു വിഡിയോയില്‍ ഉണ്ടായിരുന്നത്.

എത്ര വലിയ താരമായാലും ഇപ്പോഴും തങ്ങള്‍ക്കവന്‍ കുഞ്ഞാണെന്നും യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നല്ല ഭക്ഷണം ഉണ്ടാക്കിവെക്കാന്‍ അമ്മയെ വിളിച്ചു പറയുകയും വീട്ടില്‍ എത്തിയാല്‍ അമ്മ വാരിത്തരുന്ന ഭക്ഷണം കഴിച്ച് അമ്മയുടെ മടിയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന അമ്മക്കുട്ടിയാണ് ധനുഷെന്നും താരത്തിന്റെ അച്ഛന്‍ പറയുന്നു.

അതിന് ശേഷം പെട്ടന്നായിരുന്നു ധനുഷിനെ ഞെട്ടിച്ച് കൊണ്ട് അച്ഛനും അമ്മയും സ്റ്റേജിലേയ്ക്ക് കടന്നുവന്നത്. എന്നാല്‍ അതിലും വലിയ സര്‍പ്രൈസാണ് താരത്തെ കാത്തിരുന്നത്. അച്ഛനും അമ്മയ്ക്കും പുറകേ സഹോദരിമാരായ വിമല ഗീതയും കാര്‍ത്തിക ദേവിയും സ്റ്റേജിലേയ്ക്ക് എത്തി.

ഇതാദ്യമായാണ് ധനുഷിന്റെ സഹോദരിമാര്‍ പൊതുചടങ്ങില്‍ എത്തുന്നത്. തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ധനുഷ് പല സ്ഥലത്തും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ധനുഷിനെക്കുറിച്ച് പറയാന്‍ തങ്ങള്‍ക്ക് അവസരം കിട്ടിയിട്ടില്ലെന്നും അതിനാലാണ് ഇവിടെ വന്നതെന്നും പറഞ്ഞ സഹോദരി, ധനുഷ് തങ്ങളുടെ സഹോദരനായതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഉയരങ്ങളിലെത്തുമെന്നും അത് കണ്ട് തങ്ങള്‍ കൂടുതല്‍ അഭിമാനിക്കുമെന്നും പറഞ്ഞു.

'ചെറുപ്പത്തില്‍  ഷെഫ് ആവണം എന്നായിരുന്നു ധനുഷിന്റെ ആഗ്രഹം. അവന്‍  വലിയ ഷെഫ് ആവും എന്നാണ് കരുതിയത്. വളരെ അഭിമാനമുണ്ട് ധനുഷിന്റെ സഹോദരി എന്ന് അറിയപ്പെടുന്നതില്‍.. ഞങ്ങള്‍ ഡോക്ടര്‍മാരാണ്. പക്ഷേ എവിടെ പോയാലും ധനുഷിന്റെ സഹോദരിമാരായാണ് ഞങ്ങള്‍ അറിയപ്പെടുന്നത്. അതില്‍ ഒരുപാട് അഭിമാനമുണ്ട്. ഇനിയും വിജയങ്ങള്‍ നീ  കീഴടക്കൂ'..സഹോദരി പറഞ്ഞു. ഈ നിമിഷം ജീവിതത്തില്‍  മറക്കാനാവില്ലെന്നായിരുന്നു ധനുഷിന്റെ മറുപടി.

Content Highlights : Dhanush Family Sisters Surprise Dhanush At Ananda Vikatan Cinema Awards