കോളിവുഡിലെ വിവാദതാരമാണ് നടന്‍ സിമ്പു. സിമ്പു കരാറൊപ്പിട്ട ഏതാനും ചിത്രങ്ങള്‍ മുടങ്ങിപ്പോകുകയും നിര്‍മാതാക്കാള്‍ തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയതുമെല്ലാം ഒരു കാലത്ത് വലിയ വാര്‍ത്തയായിരുന്നു. സെറ്റില്‍ വഴക്കുണ്ടാക്കുക, നേരം വൈകി വരിക തുടങ്ങി സിമ്പുവിനെതിരേ സംവിധായകരും ഒട്ടനവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെല്ലാം എന്നാണ് സിമ്പുവിന്റെ വിശദീകരണം. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? ഉണ്ടെന്ന് പറയുകയാണ് സിമ്പുവിന്റെ അടുത്ത സുഹൃത്തും നടനുമായ മഹത്. 

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഹതിന്റെ വെളിപ്പെടുത്തല്‍. സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്ന മഹത് നല്‍കിയ ഉത്തരം. എന്നാല്‍ തന്റെ വെളിപ്പെടുത്തല്‍ വിവാദമാകുമെന്ന് തോന്നിയ മഹത് പെട്ടന്ന് തന്നെ വാക്ക് മാറ്റി പറഞ്ഞു. ധനുഷ് തിരക്കുള്ള നടനാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ധനുഷിന്റെ പേരില്‍ സിമ്പുവിനെ പരിഹസിക്കുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മഹത് പറഞ്ഞു. മഹതിന്റെ വെളിപ്പെടുത്തല്‍ സിമ്പുവിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ധനുഷും സിമ്പുവും സിനിമയില്‍ നായകവേഷത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതല്‍ ഇരുവരും ശത്രുക്കളാണെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. തുടക്കകാലത്ത് ഓരേ തരത്തിലുള്ള സിനിമകളാണ് ഇരുവരും ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ മികച്ച സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ച ധനുഷ് സിനിമയില്‍ തന്റേതായ ഒരിടം സൃഷ്ടിക്കുകയും ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കുകയും ചെയ്തു. 

2018 ല്‍ പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രം വടചെന്നൈയില്‍ നായകവേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചത് സിമ്പുവിനെയായിരുന്നു. എന്നാല്‍ അത് നടക്കാതെ വരികയും അവസാനം ആ കഥാപാത്രം ധനുഷിനെ തേടിയെത്തുകയും ചെയ്തു.

Conetnt Highlights: Dhanush behind Simbu's troubles actor mahat revelation creates controversy silambarasan