ആലിയ ഭട്ട് ഗംഗുഭായ് കത്ത്യാവാടിയിൽ, ധാക്കടിൽ കങ്കണ
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'ഗംഗുഭായ് കത്ത്യാവാടി' എന്ന ചിത്രത്തിനെതിരേ നടി കങ്കണ നടത്തിയ പരാമര്‍ശം 'ധാക്കഡി'ന്റെ പരാജയത്തെ തുടര്‍ന്ന് ചര്‍ച്ചയാകുന്നു. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ 'ധാക്കഡ്' മൂന്നു കോടിയില്‍ താഴെയാണ് വരുമാനം നേടിയത്. മെയ് 20-ന് റിലീസ് ചെയ്ത ചിത്രത്തിന് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചു കൊണ്ടിരിക്കുന്നത്.
'ഗംഗുഭായ് കത്ത്യാവാടി' റിലീസിന് മുന്നോടിയായി കങ്കണ, ആലിയയുടെ ചിത്രം പരാജയമാകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആലിയയ്‌ക്കെതിരേയും പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രതികരണം. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ കാസ്റ്റിങ് ആണെന്നും ചിത്രത്തിനായി മുടക്കിയ 200 കോടി ചാരമാകുമെന്നും കങ്കണ കുറിച്ചു.
''ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസില്‍ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകള്‍ക്ക് അഭിനയിക്കാന്‍ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്റ്റിങ് ആണ്. തിയേറ്റര്‍ സ്‌ക്രീനുകള്‍ തെന്നിന്ത്യന്‍, ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ള കാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി. ഡാഡി പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. ഒരുപാട് വലിയ സംവിധായകരെ സ്വാധീനിച്ച് സിനിമാറ്റിക് ബ്രില്ല്യന്‍സ് ഇല്ലാത്ത മോശം സിനിമകള്‍ നിര്‍ബന്ധപൂര്‍വ്വം ഇയാള്‍ ചെയ്യിപ്പിച്ചു. ഇയാളെ പ്രോത്സാഹിപ്പിക്കുന്നത് പ്രേക്ഷകര്‍ നിര്‍ത്തണം."- ഇതായിരുന്നു കങ്കണയുടെ വാക്കുകള്‍.
മുംബൈയിലെ കാമാത്തിപുരയില്‍ ജീവിച്ചിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പമദാക്കിയ 'ഗംഗുഭായ് കത്ത്യാവാടി' 100 കോടി മുതല്‍മുടക്കിലാണ് ഒരുക്കിയത്. സിനിമ ബോക്‌സ് ഓഫീസില്‍ 210 കോടിയോളം വരുമാനം നേടി. സ്ത്രീകഥാപാത്രം കേന്ദ്രമായെത്തുന്ന ഒരു സിനിമ സമീപകാലത്ത് നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. ചിത്രത്തിലെ ആലിയയുടെ പ്രകടനവും ശ്രദ്ധനേടി. ഇപ്പോള്‍ 'ധാക്കഡ്' പരാജയമാകുമ്പോള്‍ കങ്കണ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ആലിയയ്ക്ക് നേരേയുള്ള മുന്‍വിധികളുടെയും വ്യക്തിഹത്യയുടെയും പേരിലാണ്.
റസ്‌നീഷ് റാസി സംവിധാനം ചെയ്ത 'ധാക്കഡ്' ഒരു സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. ഈ ചിത്രം വന്‍വിജയമായി തീരുമെന്ന പ്രതീക്ഷയിലായിരുന്നു കങ്കണ. അര്‍ജുന്‍ രാംപാല്‍, ദിവ്യ ദത്ത എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍. 'ധാക്കഡ്' പ്രദര്‍ശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാല്‍ 'ഭൂല്‍ ഭുലയ്യ 2' പ്രദര്‍ശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കങ്കണയുടെ കരിയറിലെ തുടര്‍ച്ചയായ എട്ടാം ചിത്രമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
Content Highlights: Dhaakad failure, Kangana Ranuat, Alia Bhatt, Gangubai Kathiawadi, Dhaakad box office collection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..