ധാക്കഡ് സിനിമയുടെ പ്രചാരണപരിപാടികൾക്കിടെ കങ്കണ റണൗട്ട് | ഫോട്ടോ: പി.ടി.ഐ
കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ വിറ്റുപോയത് വെറും 20 ടിക്കറ്റുകള്‍. 100 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം 4420 രൂപയാണ് വരുമാനമായി ലഭിച്ചത്. ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മെയ് 20 നാണ് ചിത്രം റിലീസ് ചെയ്തത് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ബിഗ് ബജറ്റ് ചിത്രമാണ് എന്നുള്ളിടത്താണ് പരാജയഭാരം വര്‍ധിക്കുന്നത്.
റസ്‌നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍.
ആദ്യ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ സമിശ്ര പ്രതികരണമായിരുന്നു. ഇത് ശരിവെയ്ക്കുന്നതായി ചിത്രത്തിന്റെ പ്രകടനം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ഒപ്പമിറങ്ങിയ ഭൂല്‍ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡിന്റെ കാര്യം പരുങ്ങലിലായി. നൂറുകോടി ക്ലബ്ബിലേക്ക് കടന്ന ഭൂല്‍ ഭൂലയ്യ-2 ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.
Also Read
ധാക്കഡ് പ്രദര്‍ശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ഭൂല്‍ ഭുലയ്യ-2 പ്രദര്‍ശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കങ്കണയുടെ കരിയറിലെ തുടര്‍ച്ചയായ എട്ടാം ചിത്രമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു. തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിര്‍മാണ ചെലവ് 100 കോടിയായിരുന്നു. എല്‍.വിജയ് സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത വിപണന തന്ത്രങ്ങള്‍ പരീക്ഷിച്ചാണ് റിലീസിനെത്തിയത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ ജീവിതമായതിനാല്‍ ചിത്രം വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..