തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്​നാഥ് ബെഹ്റ. മകന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബാലഭാസ്ക്കറിന്റെ അച്ഛൻ നല്‍കിയ പരാതിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസന്വേഷണത്തിന് ലോക്കല്‍ പോലീസിന് സഹായം നല്‍കാന്‍ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകിയതായും ഡി.ജി.പി. അറിയിച്ചു.

മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതുകൊണ്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി ഡി.ജി.പിക്ക് നിവേദനം നൽകിയത്. പാലക്കാട്ടെ ആശുപത്രിയുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ചും തൃശ്ശൂരിലായിരുന്ന ബാലഭാസ്‌ക്കര്‍ തിരുവനന്തപുരത്തേക്ക് പെട്ടന്ന് വന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്നുമാണ് അച്ഛൻ ആവശ്യപ്പെട്ടത്.

ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പോലീസിന് വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്‌ക്കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയ്ക്ക് കാരണമായത്. 

ബാലഭാസ്‌കറിന്റെ കുടുംബം പരാതി നല്‍കിയെങ്കിലും നിലവില്‍ മംഗലപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്ക്കറും മകൾ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു.

Content Highilghts: DGP orders investigation on violinist Balabhaskar's death on petition received from his famil