കോട്ടയം: ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിനോട് ആദ്യവും അവസാനവുമായി സംസാരിച്ചത് മാതൃഭൂമി ബുക്സിന്റെ 'നിറക്കൂട്ടുകളില്ലാതെ' എന്ന ആത്മകഥാംശമുള്ള സിനിമാക്കുറിപ്പുകളുടെ സമാഹാരം വായിച്ചിട്ടാണ്. ചില ഭാഗം വായിച്ചപ്പോൾ അത് താരങ്ങൾക്ക് ഇഷ്ടപ്പെട്ട് കാണുമോയെന്ന സംശയത്തിന് 'മമ്മൂട്ടിപോലും വായിച്ചിട്ട് ഇഷ്ടമായെന്ന് പറഞ്ഞു.' സംവിധായകനാകാൻ കഴിയാതെപോയ പ്രേംനസീറിനെയും ന്യൂഡൽഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനീകാന്തിനെയും നേരിൽ വായിച്ച് നടുങ്ങിയ രാത്രിയിൽ താങ്കളുടെ ജീവിതം ഇത്രമാത്രം തുറന്നുപറയാൻ കഴിഞ്ഞതിലെ അദ്‌ഭുതവും മറച്ചുവെച്ചില്ല.

ഒരുപാട് മനുഷ്യരെ അറിഞ്ഞും ആലോചിച്ചും ആനന്ദിപ്പിച്ചും ദുഃഖിപ്പിച്ചും സിനിമയുടെ മുന്നാമ്പുറവും പിന്നാമ്പുറവും വായിക്കുമ്പോൾ ഇനിയെന്നാണ് ഒരു സിനിമ എന്ന ചോദ്യം ഉപേക്ഷിച്ചില്ല. 'ലോക്‌ഡൗൺ കഴിഞ്ഞാൽ ഉടൻ. ഒരു മെട്രോ സിറ്റിയിൽ ഒറ്റ രാത്രിയിൽ സംഭവിക്കുന്നതാണ് കഥ' അദ്ദേഹം മറുപടി തന്നത് ഇങ്ങനെ.'വർഷങ്ങൾക്ക് മുൻപ്‌ എഴുതിവെച്ച ഒരു തിരക്കഥ. 'ആ രാത്രി'. ആ പേരിൽ പിന്നീട് സിനിമയെത്തിയതുകൊണ്ട് പേരൊന്ന് മാറ്റണം. ഒറ്റരാത്രിയിൽ നടക്കുന്ന കഥ.

എഴുതിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പ്രസക്തി നഷ്ടമായിട്ടില്ലെന്ന് ഉറപ്പുണ്ട്' അദ്ദേഹം പറഞ്ഞു.

ഇന്ന് പല ന്യൂജെൻ സിനിമകളും ഒരുദിവസം നടക്കുന്ന കഥകൾ ചിത്രീകരിക്കുന്ന ആ ട്രെൻഡിനും എത്രയോ മുമ്പേ അദ്ദേഹം ആ കഥ എഴുതി നെഞ്ചോട് ചേർത്തിരുന്നു. പക്ഷേ, ലോക്‌ഡൗൺ അവസാനിക്കുന്നത് കാത്തിരിക്കാതെ ആ രാത്രി ചിത്രീകരിക്കാതെ...അതേപോലൊരു രാത്രിയിൽ അദ്ദേഹം യാത്രയായി.

Content Highlights: Dennis Joseph demise, he was planning to start a new Movie