കൗമാരപ്രായത്തില്‍ താന്‍ ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നടിയും ഗായികയുമായ ഡെമി ലൊവാറ്റോ. തന്നെ ആക്രമിച്ചയാളുമായി വീണ്ടും സഹകരിക്കേണ്ടിവന്നുവെന്നും എന്നാല്‍ അയാള്‍ക്ക് ഒരിക്കലും അതേക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയില്ലെന്നും കൂടി അവര്‍ പറയുന്നു. ഡെമി ലൊവാറ്റോ: ഡാന്‍സിങ് വിത് ദ് ഡെവിള്‍ എന്ന പേരില്‍ യൂ ട്യൂബില്‍ സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി സിരീസിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന്  ലൊവാറ്റോ വ്യക്തമാക്കിയില്ല.  

ബലാത്സംഗത്തിന് ഇരയായ ശേഷം വര്‍ഷങ്ങളോളം മദ്യത്തിലും ലഹരിമരുന്നിലും ആശ്രയിച്ചു ജീവിച്ചു. പലപ്പോഴും മരണം തൊട്ടുമുന്നിലെത്തി. ഏറെ അത്ഭുതകരമായാണു പലപ്പോഴും രക്ഷപ്പെട്ടതും. ലഹരിയില്‍ നിന്ന് മോചനം നേടാന്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടിവന്നു. ലഹരിയില്‍ നിന്ന് വിമുക്തി നേടിയതിന് ശേഷമാണ് പതിയെ പതിയെ കരിയറും ജീവിതവും തിരിച്ചു പിടിച്ചത്. 

പീഡനം നടന്നതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളെ വിളിച്ചു. എന്നാല്‍ ഒന്നും സംഭവിക്കാത്തതുപോലെയായാരുന്നു അയാളുടെ പ്രതികരണം. അതെന്നെ വീണ്ടും തകര്‍ത്തു, ആശങ്കയിലാഴ്ത്തി. എന്റെ നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു. അതൊരു പീഡനം ആയിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എനിക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. പരസ്പര സമ്മതത്തോടെ ആണെന്ന് തോന്നുന്ന വിധത്തിലായിരുന്നു പീഡനം നടന്നത്. താന്‍ പൂര്‍ണമായും ശാരീരിക ബന്ധത്തിനു തയ്യാറായിരുന്നില്ല. പക്ഷേ താന്‍ വിലക്കിയെങ്കിലും അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല. അതൊരു അതിക്രമമായിരുന്നുവെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു. 

ഒരു ശാരീരിക പീഡനത്തിലൂടെ എന്റെ കന്യകാത്വം നഷ്ടപ്പെടുന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ അപ്പോഴേക്കും എല്ലൊ കൈവിട്ടു പോയി. സ്വയം പഴിച്ച് ജീവിതം തള്ളി നീക്കി. എന്നെപ്പോലെ പീഡനത്തിന് ഇരയാവര്‍ അത് തുറന്ന്  പറയുക തന്നെ വേണം. നിങ്ങള്‍ക്ക് പ്രചോദനമേകാനാണ് ഞാന്‍ ഇതെല്ലാം ഇപ്പോള്‍ പറയുന്നത്. 

ഡിസ്‌നി ചാനലിലെ സിനിമ ക്യാംപ് റോക്കിലൂടെയാണ് ലോവാറ്റോ പ്രശസ്തിയിലേക്ക് ഉയരുന്നത്. 15-ാമത്തെ വയസ്സിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. 2008 ലായിരുന്നു ആ സിനിമ പുറത്തിറങ്ങിയത്. പിന്നീട് 2010-ല്‍ രണ്ടാം ഭാഗത്തിലും ലൊവാറ്റോ ആഭിനയിച്ചിരുന്നു. 

Content Highlights: Demi Lovato recalls the trauma of being sexually assaulted as a teenager