രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാവുന്നു. ഡല്‍ഹി ക്രൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സാണ് പുറത്തിറക്കുന്നത്. ഏഴുഭാഗങ്ങളായി ചിത്രം പ്രദര്‍ശനത്തിന് എത്തും.

ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 22 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. 

ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലാണ് ചിത്രം പുരോഗമിക്കുന്നത്. 

2012 ഡിസംബര്‍ 16 നാണ് ലോകത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച  ഡല്‍ഹി ബലാത്സംഗം നടക്കുന്നത്. ഓടുന്ന ബസില്‍ ഒരു വിദ്യാര്‍ഥിനിയെ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും റോഡില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.

Content Highlights: Delhi Crime trailer out  Netflix series on Nirbhaya rape case