ബോളിവുഡില്‍ എന്നല്ല സിനിമാ ഇന്‍ഡസ്ട്രിയില്‍ നായകന്‍മാര്‍ക്ക് ലഭിക്കുന്നത്ര പ്രതിഫലം ഒരിക്കലും നായികമാര്‍ക്ക്  ലഭിക്കാറില്ല. സിനിമാ ലോകത്തെ ഇത്തരത്തിലുള്ള ലിംഗ വിവേചനത്തിനെതിരെ ശര്‍മിളാ ടാഗോറടക്കം നിരവധി പ്രമുഖര്‍ രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ ശുചീത് സര്‍ക്കാര്‍ സംവിധാനം ചെയ്ത പീകു എന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിസ്മയമായ അമിതാഭ് ബച്ചനേക്കാള്‍ പ്രതിഫലം ലഭിച്ചത് യുവനടി ദീപികയ്ക്കാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബച്ചന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. 

പീകുവില്‍ എന്നെക്കാള്‍ പ്രതിഫലം ലഭിച്ചത് ദീപികയ്ക്കായിരുന്നു. ദീപികയുടെ കഥാപാത്രത്തിനാണ് ചിത്രത്തിന്‍ എന്റേതിനേക്കാൾ പ്രാധാന്യമുണ്ടായിരുന്നത്. ഞാന്‍ ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും എന്റെ വിലപേശൽ ശേഷിയും കുറഞ്ഞിട്ടുണ്ടാകാം. ഇത്രയും വലിയ തുക ലഭിക്കാനുള്ളത്ര പ്രാധാന്യവും എനിക്കിപ്പോൾ ഉണ്ടാവില്ല.

പികു ഒരു സ്ത്രീപക്ഷ സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ഒരു ചിത്രത്തില്‍  സ്ത്രീ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ അതിനെ സ്ത്രീപക്ഷ സിനിമ എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. നായകന്മാർക്ക് പ്രാധാന്യമുള്ള ചിത്രങ്ങളെ നാം ഒരിക്കലും പുരുഷ പക്ഷ സിനിമകള്‍ എന്ന് വിളിക്കാറില്ലലോ? . പീകുവിലെ ഹീറോ ദീപികയാണ്- ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഈയടുത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം ലോകത്ത് ഏറ്റവും കൂടുകല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ പത്താമതാണ് ദീപികയുടെ സ്ഥാനം. ട്രിപ്പിള്‍ എക്‌സിലൂടെ ഹോളിവുഡിലും കൂടി അരങ്ങേറ്റം കുറിച്ചതോടെ ദീപികയുടെ വിപണിമൂല്യം വര്‍ധിച്ചിരുന്നു.