റായ്പുര്‍: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ദീപികാ പദുക്കോണ്‍ ചിത്രം 'ഛപാകി'ന് മധ്യപ്രദേശും ഛത്തീസ്ഗഢും പുതുച്ചേരിയും നികുതിയിളവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങുന്നത്.

എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു.

ഛപാകിന് മധ്യപ്രദേശില്‍ നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കമല്‍നാഥ്, ചിത്രം സമൂഹത്തിന് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള ശുഭകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് അഭിപ്രായപ്പെട്ടു.

യുപിയിൽ ചിത്രത്തിന് സമാജ്വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ തിയേറ്ററുകൾ വാടകയ്ക്കെടുത്ത് പാർട്ടി പ്രവർത്തകർക്കായി സൗജന്യ പ്രദർശനം ഒരുക്കുന്നുണ്ട്. ഇതിനായി ലഖ്നൗവിലെ ഒരു തിയേറ്റർ വാടകക്കെടുത്തിരിക്കുകയാണ് എസ്പി. പഞ്ചാബ് സർക്കാരിന്റെ കീഴിൽ സാമൂഹിക സുരക്ഷ വകുപ്പും ശനിയാഴ്ച പ്രദർശനം ഒരുക്കുന്നുണ്ട്. 

ജെ.എന്‍.യു.വില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികയെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷക്കാരെ അനുകൂലിച്ച ദീപികയുടെ ചിത്രമായ 'ഛപാക്' ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി. അനുകൂലസംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

ലക്ഷ്മി അഗര്‍വാളിന്റെ അഭിഭാഷകയുടെ സംഭാവന അവഗണിക്കരുത് -കോടതി

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ അഭിഭാഷകയ്ക്ക് ഛപാകില്‍ പ്രത്യേക പരാമര്‍ശം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. 'അപര്‍ണാഭട്ട് ഇപ്പോഴും ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി പോരാടുന്നു' എന്ന വരി ചിത്രത്തിനുവേണ്ടി സഹകരിച്ചവരുടെ പട്ടികയോടൊപ്പം ചേര്‍ക്കണമെന്നാണ് ഉത്തരവ്.

വര്‍ഷങ്ങളോളം ലക്ഷ്മിയെ കോടതിയില്‍ പ്രതിനിധാനംചെയ്ത അപര്‍ണ ഭട്ടാണ് തന്റെ സംഭാവന അവഗണിച്ചതിനാല്‍ സിനിമയുടെ റിലീസ് നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

content highlights: Deepika's 'Chapak’ is tax free in Congress ruling Madhya Pradesh, Chhattisgarh