കൊച്ചി: മലയാള സിനിമയില്‍ ഉണ്ടായതുപോലെ വിെമന്‍ ഇന്‍ സിനിമ കളക്ടീവ് പോലെ ബോളിവുഡിലും ആകാവുന്നതാണെന്ന് പ്രമുഖ നടി ദീപിക പദുകോണ്‍.

ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്‍മാരുണ്ടെന്ന് അവര്‍ പറഞ്ഞു. ആണിനെതിരേ പെണ്‍ എന്ന നിലയിലാകരുത്. ആണുങ്ങളെ മാറ്റിനിര്‍ത്തിയാകരുത് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കേണ്ടത്. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. മീടു മൂവ്‌മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ല - ദീപിക വ്യക്തമാക്കി. ഐ.എ.എ. ലോക ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തക അനുരാധ സെന്‍ഗുപ്തയുമായി സംസാരിക്കുകയായിരുന്നു അവര്‍.

ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി

ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് താനെന്ന് ദീപിക സമ്മതിച്ചു. പക്ഷേ, ആ നിലയിലേക്ക് എത്തിയത് പോരാട്ടങ്ങളിലൂടെയാണ്. കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ചെയ്തില്ല. ഇഷ്ടപ്പെട്ട കഥകള്‍ കിട്ടാഞ്ഞതാണ് കാരണം. ആസിഡ് ആക്രമണം അതിജീവിച്ച ഒരാളെക്കുറിച്ച് പറയുന്ന സിനിമയാണ് ഇനി ചെയ്യുന്നത്. ആദ്യമായി സിനിമ നിര്‍മിക്കുകയും ചെയ്യുന്നു. പരസ്യത്തിന് മോഡലാകുമ്പോഴും പണത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ബ്രാന്‍ഡ് മൂല്യത്തിനാണ് മുഖ്യപരിഗണന.

വിഷാദരോഗം

2014-ലാണ് അസ്വസ്ഥതയുണ്ടായത്. ആകെ തകര്‍ന്നു. സ്വഭാവരീതികളില്‍ മാറ്റംവന്നു. എഴുന്നേല്‍ക്കാന്‍ പോലും മടിയായി. ആദ്യമൊക്കെ എന്താണ് കാരണമെന്ന് മനസ്സിലായില്ല. അമ്മയ്ക്കാണ് ഇത് വിഷാദരോഗമാണെന്ന് തോന്നിയത്. അപ്പോള്‍ത്തന്നെ ഡോക്ടറുടെ സേവനം ലഭിച്ചു. അമ്മയ്ക്ക് സംശയം തോന്നിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്ത് സംഭവിക്കുമായിരുന്നെന്ന് അറിയില്ല. സമൂഹത്തിലെ ഏത് തട്ടിലുള്ളവര്‍ക്കും ഈ രോഗം വരാം. വേണ്ടത്ര അവബോധമില്ലാത്തതിനാലും അപമാനം ഭയന്നും പലരും പുറത്തു പറയില്ല. അത് കൂടുതല്‍ അപകടമാണ്. എനിക്ക് വിഷാദരോഗമുണ്ടെന്ന് ഞാൻ തന്നെയാണ് തുറന്നു പറഞ്ഞത്. നമ്മുടെ വാക്കുകള്‍ക്ക് പ്രസക്തിയുള്ള വിഷയമാണെങ്കില്‍ പൊതുകാര്യങ്ങളിലും അഭിപ്രായം പറയണമെന്നാണ് നിലപാട്.

സോഷ്യല്‍ മീഡിയ

വിശ്വസ്തത പുലര്‍ത്തുകയാണ് പ്രധാനം. ഫാന്‍സുമായി ബന്ധം പുലര്‍ത്താന്‍ നല്ലതാണ്. പക്ഷേ, എന്ത് ഷെയര്‍ ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും അറിഞ്ഞിരിക്കണം.

പരസ്യമോഡല്‍

ഇരുപതോളം ബ്രാന്‍ഡുകളുണ്ട്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനും അത്ര തന്നെ കാണുമല്ലോയെന്ന ചോദ്യത്തിന് രണ്ടുപേരും കല്യാണം കഴിച്ചത് അതുകൊണ്ടാണെന്നും അതോടെ പരസ്യരംഗം ഞങ്ങളുടെ കുത്തകയായെന്നും തമാശയായി ദീപിക പറഞ്ഞു.

Content Highlights: deepika padukone talks about women in cinema collective bollywood gender equality me too  iia world