മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകരായ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ (MAMI) നിന്ന് രാജിവക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ദീപിക ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 

മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ ചെയര്‍പേഴ്‌സണായുള്ള അനുഭവം സമ്പുഷ്ടമായിരുന്നു. ലോകത്തെമ്പാടുമുള്ള സിനിമകളെയും പ്രതിഭകളെയും മുംബൈയിലേക്ക് കൊണ്ടുവരുന്നതിന് ഒരു കാലകാരി എന്ന നിലയില്‍ സാധിച്ചു. ഇപ്പോഴുള്ള സാഹചര്യത്തില്‍ എനിക്ക് എംഎഎംഐയില്‍ കൂടുതല്‍ ശ്രദ്ധനല്‍കാന്‍ സാധിക്കുകയില്ല. അതിനാല്‍ അക്കാദമി വിടുന്നു. എന്റെ ജീവിതാവസാനം വരെ അക്കാദമിയുമായുള്ള ബന്ധം കാത്ത് സൂക്ഷിക്കും- ദീപിക കുറിച്ചു.

2019 ല്‍ സംവിധായിക കിരണ്‍ റാവുവില്‍ നിന്നാണ് ദീപിക ചെയര്‍പേഴ്‌സണായി സ്ഥാനം ഏറ്റത്. 1997ലാണ് മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജിന് തുടക്കം കുറിച്ചത്. അശുതോഷ് ഗൊവാരിക്കർ, ജയ ബച്ചൻ, അമോൽ പലേക്കർ, ശബാന ആസ്മി, ൽമിത് ഖന്ന, ഫർഹാൻ അക്തർ, അനുപമ ചോപ്ര എന്നിവരാണ് മാമിയുടെ മറ്റ് ട്രസ്റ്റിമാർ.

Content Highlights: Deepika Padukone resigns as Mumbai Academy of Moving Image chairperson MAMI