പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നുവെന്ന് നടി ദീപിക പദുക്കോണ്‍. ഒരു അഭിമുഖത്തിലാണ് ദീപിക തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് മനസ്സ് തുറന്നത്.

''ലൈംഗികത എന്നാല്‍ എന്നെ സംബന്ധിച്ച ശാരീരികമല്ല, മാനസികമായിരുന്നു. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. കബളിപ്പിക്കാന്‍ വേണ്ടി ആയിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയത്തിലാണെന്ന് നടിക്കുന്നത് എന്തിനാണ്? പ്രണയം തകര്‍ന്നപ്പോള്‍ എനിക്ക് വല്ലാത്ത വേദനയുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഞാന്‍ രണ്ടാമതൊരു അവസരം കൂടി നല്‍കി. കാരണം അയാള്‍ എന്റെ മുന്‍പില്‍ മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു. അയാള്‍ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി. എന്നിട്ടും അയാളെ മനസ്സില്‍ നിന്നും പുറത്താക്കാന്‍ സമയമെടുത്തു. 

ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്ന് കരുതി. എന്നാല്‍ അതൊരു ശീലമായപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ക്കാണ് പ്രശ്‌നമുള്ളതെന്ന്. ഒരിക്കല്‍ തിരിച്ചടി നേരിട്ടാല്‍ ബന്ധങ്ങളിലുള്ള വിശ്വാസം നശിക്കും'' -ദീപിക പറഞ്ഞു.

കാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് ദീപിക സംസാരിച്ചതെങ്കിലും എല്ലാ വിരലുകളും ചൂണ്ടുന്നത് നടന്‍ റണ്‍ബീര്‍ കപൂറിലേക്കാണ്. സിനിമയില്‍ ദീപികയും റണ്‍ബീറും അരങ്ങേറ്റം കുറിച്ചത് ഒരേ സമയത്താണ്. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപിക സിനിമയിലെത്തിയത്. റണ്‍ബീറാകട്ടെ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയയിലൂടെയും. ബച്ചനാ ഹേ ഹസീനോ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിന് ശേഷം ഇവര്‍ പ്രണയത്തിലായി. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. 

2018 ല്‍ ദീപിക തന്റെ സഹതാരമായ രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തു. 

Content Highlights: Deepika Padukone on break up, love, relationship