ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയാണ് ദീപിക പദുക്കോണ്‍. അതുമാത്രമല്ല, ഇക്കുറി ലോകത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് പേരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരി കൂടിയാണ്. എന്നാല്‍ ഗ്ലാമറിന്റെ ഈ വെള്ളിവെളിച്ചത്തിനപ്പുറം നിരാശ കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു ബോളിവുഡിന്റെ ഈ ലേഡി സൂപ്പര്‍ സ്റ്റാറിന്. വിഷാദരോഗത്തിന്റെ കറുത്ത കാലം.
ഗ്ലാമർ ലോകത്ത് വാഴുമ്പോഴും, ഒരിക്കൽ താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് തുറന്നു പറയാന്‍ ഒരിക്കല്‍ പോലും മടികാണിച്ചിട്ടില്ലാത്ത ദീപിക വിഷാദ രോഗത്തെക്കുറിച്ചും നിരാശയെക്കുറിച്ചും ബോധവത്കരണവും നടത്താറുമുണ്ട്. കഴിഞ്ഞ ദിവസം ടൈംസ് മാഗസിന് നൽകിയ അഭിമുഖത്തിൽ ആ ദിവസങ്ങളെക്കുറിച്ച് ഓർത്തു പറയുകയാണ് ഒരിക്കൽക്കൂടി ദീപിക.
"ഫെബ്രുവരി 15, 2014 എന്റെ വയറിനകത്ത് എന്തോ വിചിത്രമായ ഒരു തോന്നലുമായി ഉറങ്ങി എഴുന്നേറ്റത് ഞാന്‍ ഓര്‍ക്കുന്നു. എന്താണ് എനിക്ക് തോന്നുന്നതെന്നതിനെക്കുറിച്ചു എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല. ജീവിതം നിർഥകമായി എനിക്കനുഭവപ്പെട്ടു. എല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ദിവസങ്ങള്‍ ഉണ്ടായിരുന്നു. കുറച്ചു ആഴ്ചകള്‍ക്കു കഴിഞ്ഞ് എനിക്ക് വിഷാദരോഗമാണെന്ന് കണ്ടെത്തി (ക്ലിനിക്കല്‍ ഡിപ്രഷന്).
നാലു വര്‍ഷത്തിനു ശേഷം ഞാന്‍ നിങ്ങള്‍ക്ക് മുന്പില് നില്‍ക്കുന്നത് ജീവിതത്തെക്കുറിച്ചും എന്റെ വികാരങ്ങളെക്കുറിച്ചും ഞാനെന്ന വ്യക്തിയെക്കുറിച്ചും അല്പം മെച്ചപ്പെട്ട ധാരണയോടെയാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ഏറ്റവും പ്രധാനമായി നമ്മളെല്ലാവരും ലോകത്തു ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നോട് യോജിക്കുമെന്നു ഞാന്‍ കരുതുന്നു.
എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നും ഞാന്‍ നേടിയ ശക്തി, ധൈര്യം എന്നിവയാണ് എനിക്കെന്നും മുന്നോട്ട് പോകാനുള്ള പ്രചോദനം. ഒരിക്കലെങ്കിലും എല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരാളെങ്കിലും നമ്മളോടൊപ്പം ഉണ്ടാകും. അവരറിയാനായി ഒന്നേ പറയാനുള്ളൂ. നമ്മളെല്ലാവരും ഈ ഘട്ടത്തില്‍ ഒരുമിച്ചാണ് എല്ലാറ്റിനുമുപരി ഒരു പ്രതീക്ഷയുണ്ട്. സ്റ്റീഫന്‍ ഫ്രൈയുടെ വാചകങ്ങള്‍ പോലെ ഒരു നാള് സൂര്യപ്രകാശം വരും"- ദീപിക പറഞ്ഞു
Content Highlights: Deepika Padukone About Depression Deepika padukone fights depression