ദീദി ദാമോദരൻ | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി ലൈബ്രറി
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനദിവസം പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയ സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ. ചലച്ചിത്രോത്സവത്തിൽ അവരുടെ സിനിമയായ ‘അസംഘടിതർ’ ഒഴിവാക്കപ്പെടുകയും ഉദ്ഘാടനവേദിയിൽ സംവിധായികയ്ക്കെതിരേ പോലീസ് നടപടിയെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യദാർഢ്യം രേഖപ്പെടുത്തി ദീദി സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്.
സിനിമകൾ തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷിക്കാറുണ്ടെങ്കിലും അക്കാദമി അംഗമായിട്ടുപോലും തനിക്കതറിയാനായിട്ടില്ലെന്നും താനതിന്റെ ഭാഗമല്ലായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. എന്തുകൊണ്ട് ‘അസംഘടിതർ’ ഉൾപ്പെടുത്തിയില്ലെന്ന് അന്വേഷിച്ചപ്പോൾ അത് കുഞ്ഞിലയെ നേരിട്ട് അറിയിച്ചു കൊള്ളാമെന്നാണ് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ മറുപടി നൽകിയത്. ‘അസംഘടിതർ’ മേളയിൽ ഉൾപ്പെടുത്തണമായിരുന്നുവെന്നാണ് അഭിപ്രായം.
കാവ്യ പ്രകാശിന്റെ വാങ്ക്, രത്തീനയുടെ പുഴു എന്നീ ചിത്രങ്ങളും ഈ മേളയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. കുഞ്ഞില നടത്തിയസമരം കൈകാര്യംചെയ്തവിധം അന്യായവും പ്രതിഷേധാർഹവുമാണ്. ഒറ്റയ്ക്ക് പ്രതിഷേധിക്കാൻവന്ന സംവിധായികയെ തൂക്കിയെടുത്ത് പോലീസ് വാനിലിട്ട് കൊണ്ടുപോയ രീതി ഒരുനിലയ്ക്കും ജനാധിപത്യപരമല്ലെന്നും ദീദി കുറിച്ചു.
കുഞ്ഞിലയ്ക്ക് സമൻസ്
രണ്ടുമാസംമുമ്പ് സാമൂഹികമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരിൽ സംവിധായിക കുഞ്ഞില മാസിലാമണിക്ക് പോലീസിന്റെ സമൻസ്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് അറിയിപ്പ്. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് നടപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..