ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. 

സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി അറിയിച്ചു.

പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു. ട്വിറ്ററിലും താരത്തിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്.

Prithvia

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെ നിരവധി മലയാളി സിനിമാ പ്രവർത്തകർ രം​ഗത്ത് വന്നിരുന്നു.  #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.

വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. എന്നായിരുന്നു പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. 

Content Highlights : Decommission Mullaperiyar protest against actor Prithviraj in Tamilnadu