അറിയിപ്പ്, നൻപകൽ നേരത്ത് മയക്കം | Photo: Special Arrangement, @MKampanyOffl
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളില്‍ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകര്‍. നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി, ഇറാന്, ഇസ്രയേല്‍, ബൊളീവിയ, വിയറ്റ്നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, ലിജോജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ഏകതാര കളക്റ്റീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ് ഔര്‍ ഓണ്‍, മണിപ്പൂരി സംവിധായകന് റോമി മൈതേയിയുടെ ഔര്‍ ഹോം എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എട്ട് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. ഇറാനിയന്‍ സംവിധായകനായ മെഹ്ദി ഹസ്സന് ഫാരിയുടെ ഹൂപ്പോ, ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം, മൈക്കേല്‍ ബോറോഡിന്‍ ഒരുക്കിയ റഷ്യന്‍ ചിത്രം കണ്‍വീനിയന്‍സ് സ്റ്റോര്‍, ബോളിവിയന്‍ ചിത്രം ഉതാമ, വിയറ്റ്നാം ചിത്രം മെമ്മറിലാന്‍ഡ്, അമില്‍ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാര്, ബ്രസീലിയന്‍ ചിത്രം കോര്‍ഡിയലി യുവേഴ്സ്, ഏകതാര കളക്റ്റീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ് ഔവര്‍ ഓണ്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ നവാഗത ചിത്രങ്ങള്‍. ഒന്‍പതു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ലോകത്തിലെ ആദ്യപ്രദര്‍ശനവും മത്സര വിഭാഗത്തിലുണ്ട്.
ബര്‍ലിന്‍, ജറുസലേം, റിയോ ഡി ജനീറ എന്നീ മേളകളില്‍ നോമിനേഷന് നേടിയ ഐഡാന് ഹേഗ്വല്‍ ചിത്രം കണ്‍സേണ്‍ഡ് സിറ്റിസണും മത്സര വിഭാഗത്തിലുണ്ട്. ടര്‍ക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുന്‍ പിര്‍സെലിമോഗ്ലു ഒരുക്കിയ കെര്‍ എന്ന ചിത്രവും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Content Highlights: Iffk 2022, Lijo Jose Pellissery, Mahesh Narayanan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..