വിജയ് ദേവേരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. ഒരു ഗാനത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ടീസറില്‍ നായകന്റെ കലാലയ ജീവിതവും പ്രണയവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ലിപ്പ് ലോക്ക് രംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് രശ്മിക. സിനിമയില്‍ ലിപ്പ് ലോക്ക് രംഗങ്ങള്‍ സര്‍വസാധാരണമാണ്. എന്നാല്‍ അതിന്റെ പേരില്‍ നായികയെ മാത്രം ആക്രമിക്കുകയാണ് ഒരു കൂട്ടമാളുകള്‍.
തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
'ആ ചിത്രത്തില്‍ അങ്ങനെയൊരു രംഗം അത്യന്താപേക്ഷികമാണ്. എന്റെ കഥാപാത്രത്തോട് ഞാന്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ചുംബന രംഗത്തില്‍ അഭിനയിച്ചത്. ലിപ്പ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം. ആ രംഗം മാത്രം കണ്ട് നിങ്ങള്‍ എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നത്. സിനിമ മുഴുവന്‍ കണ്ടതിന് ശേഷം മാത്രം സംസാരിക്കൂ'- രശ്മിക പറഞ്ഞു.
കന്നട സംവിധായകന്‍ രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് മുതല്‍ രശ്മികയ്ക്ക് നേരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ രക്ഷിത് ഷെട്ടി രംഗത്ത് വരികയും ചെയ്തിരുന്നു. തന്റെ പേരില്‍ രശ്മികയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിജയ് ദേവേരക്കൊണ്ടയും രശ്മികയും ഒരുമിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. പരശുറാം സംവിധാനം ചെയ്ത ഗീതാഗോവിന്ദം എന്ന ചിത്രത്തിലും ഇവരായിരുന്നു ജോടികളായെത്തിയത്.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ അമല്‍ നീരദ് ചിത്രം കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ റീമേക്കാണിത് എന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലൂടെ ശ്രദ്ധ നേടിയ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മെയ് 31 ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: dear comrade movie Vijay Deverakonda Rashmika Mandanna attack against actress for lip lock scene