പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കുമെന്ന് വിജയ് ദേവേരക്കൊണ്ട. ഡിയര്‍ കോമറേഡ് എന്ന സിനിമയുടെ പ്രചരണാർഥം കൊച്ചിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുല്‍ഖറിന്റെ മലയാളം സിനിമകളില്‍ ഭൂരിഭാഗവും ഞാന്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. പിന്നീട് മഹാനടിയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്- വിജയ് ദേവേരക്കൊണ്ട പറഞ്ഞു.
ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്തുവിട്ടത് ദുല്‍ഖറായിരുന്നു. എന്റെ സഹോദരന്‍ വിജയ് ദേവേരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയ്ലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് ജൂലൈ 26 ന് പുറത്തിറങ്ങും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ നിന്ന് ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ വേഷമിടുന്നു.
Content Highlights: Dear Comrade movie, vijay devarakonda, dulquer salmaan, will announce a surprise soon, rashmika mandanna