ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'എന്നൈ നോക്കി പായും തോട്ടൈ'യുടെ സംഗീത സംവിധായകന്‍ ആരെന്ന രഹസ്യം ഒടുവില്‍ പുറത്തുവന്നു. ആരാധകര്‍ ഏറെ കാത്തിരുന്ന ആ അജ്ഞാത സംഗീത സംവിധായകന്റെ പേര് മിസ്റ്റര്‍ എക്‌സെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ ആ അജ്ഞാതന്റെ പേര് ഗൗതം മേനോന്‍ പുറത്തുവിട്ടു. ദീപാവലി ദിനത്തില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാണ് സംഗീത സംവിധായകനെന്ന് ഗൗതം പറഞ്ഞത്.

ആരാധകര്‍ പ്രവചിച്ചതു പോലെ എ.ആര്‍ റഹ്മാനോ ഹാരിസ് ജയരാജോ ഇളയരാജയോ അല്ല മിസ്റ്റര്‍ എക്‌സ്. ചിത്രം പുറത്തിറങ്ങും മുമ്പെ ആരാധകരുടെ ഹൃദയം കീഴടക്കിയ ''മറുവാര്‍ത്തൈ പേസാതെ....'' എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ ദാര്‍ബുക ശിവയാണ്. എം. ശശികുമാറിന്റെ 'കിടാരി' എന്ന ഒരൊറ്റ ചിത്രത്തിന് മാത്രമാണ് ദാര്‍ബുക ശിവ സംഗീതം നല്‍കിയിട്ടുള്ളത്. നടന്‍ കൂടിയായ ദാര്‍ബുക ധനുഷ് ചിത്രം 'തൊടരി'യില്‍ അഭിനയിച്ചിട്ടുമുണ്ട്.

ഗാനം പുറത്തിറങ്ങി ഇന്നോളം രണ്ടുകോടിയിലേറെ പ്രേക്ഷകരാണ് കണ്ടത്. മികച്ച വരികള്‍, കര്‍ണാട്ടിക് ടച്ചുള്ള സംഗീതം, മാസ്മരികമായ ആലാപനം ഇവയെല്ലാം ഒത്തുചേര്‍ന്ന ഗാനം ആരാധകരുടെ ഹൃദയം കീഴടക്കിയത് വളരെ പെട്ടന്നാണ്.  താമരയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാമാണ്.  ധനുഷ്, റാണാ ദഗ്ഗുബാട്ടി, മേഘ ആകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.