സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രമാണ് 'നോ ടൈം റ്റു ഡൈ' (No time to die). ഈ വർഷം പുറത്തിറങ്ങാനിരുന്ന ചിത്രം കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് 2021 ഏപ്രിലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയുണ്ടായി.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾപ്രകാരം ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട് എന്നാണ്. എം.ജി.എമ്മും ആപ്പിൾ ടിവി പ്ലസും നെറ്റ്ഫ്ളിക്സും ഇതിനുവേണ്ടി ചർച്ചകൾ നടത്തുന്നതായി വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഔദ്യോഗികമായ അറിയിപ്പുകളൊന്നും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നത് സാധാരമായിരിക്കുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി 30-ധികം ഹോളിവുഡ് ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. അവതാർ 2, ബാറ്റ്മാൻ, ബ്ലാക്ക് വിഡോ എന്നിവ റിലീസിങ് മാറ്റിവെച്ച ചില ചിത്രങ്ങളാണ്. ജെയിംസ് ബോണ്ട് സീരീസിലെ 25-ാം സിനിമയാണ് നോ ടൈം റ്റു ഡൈ. വലിയ ഒരു ആരാധകവൃന്ദമാണ് ജെയിംസ് ബോണ്ട് ചിത്രത്തിനായി കാത്തിരിക്കുന്നത്.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ചിത്രം ഓൺലൈൻ റിലീസ് ചെയ്യുകയാണെങ്കിൽ ഏറെ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. 250 മില്യൺ ഡോളറാണ് ചിത്രത്തിന്റെ നിർമാണചെലവ്. എന്തായാലും ചിത്രം തിയേറ്ററിലേക്കാണോ ഒടിടി പ്ലാറ്റ്ഫോമിലേക്കാണോ എന്ന് വൈകാതെ അറിയാം.

Content highlights :daniel craig upcoming movie no time to die is going in digital release romour