ലോകമെമ്പാടുള്ള സിനിമാ ആരാധകരെ പതിറ്റാണ്ടുകളായി ത്രസിപ്പിച്ച കഥാപാത്രമാണ്  ജെയിംസ് ബോണ്ട്. ഡോക്ടര്‍ നോ മുതല്‍ സ്‌പെക്ടര്‍ വരെയുള്ള ബോണ്ട് പരമ്പരയിൽ തിളങ്ങിയവരിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ഡാനിയൽ ക്രെയ്ഗ്.  ഷോൺ കോണറി, റോജര്‍ മൂർ, പിയേഴ്സ് ബ്രോസ്നൻ എന്നിവരുടെ നിരയിൽ തലയെടുപ്പോടെ നിന്ന താരമായിരുന്നു ക്രെയ്ഗും.

2015 ല്‍ പുറത്തിറങ്ങിയ സ്‌പെക്ടറിന് ശേഷം ബോണ്ട് പരമ്പരയില്‍ നിന്ന് ഡാനിയല്‍ ക്രെയ്ഗ് മാറിനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. ഹോളിവുഡ് താരങ്ങളായ ജാക്ക് ഹൂസ്റ്റണ്‍, ഐഡന്‍ ടേണര്‍, ജെയിംസ് നോര്‍ട്ടണ്‍, ഇദ്രിസ് എല്‍ബ എന്നിവർ മുതൽ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനെ വരെ പുതിയ ബോണ്ടായി പരിഗണിച്ചിരുന്നു.

ഒരു പതിറ്റാണ്ടിലേറെയായി ബോണ്ടിനെ അവതരിപ്പിച്ച ഡാനിയല്‍ ക്രെയ്ഗിനെ തന്നെ പുതിയ ചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ അഭിയനിക്കുന്നതിന് ഡാനിയല്‍ ക്രെയ്ഗിന് നിര്‍മാതാക്കള്‍ 150 മില്ല്യണ്‍ ഡോളര്‍ (1000 കോടി) വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇയോണ്‍ പ്രൊഡക്ഷന്റെ ചലച്ചിത്ര പരമ്പരയില്‍ ബോണ്ടിനെ അവതരിപ്പിച്ച ആറാമത്തെ നടനാണ് ക്രെയ്ഗ്. 2006-ല്‍ ഇറങ്ങിയ കാസിനോ റോയൽ മുതലാണ് ക്രെയ്ഗ് ബോണ്ട് വേഷം കെട്ടിത്തുടങ്ങിയത്. ക്വാണ്ടം ഓഫ് സൊളേസ് 2008, സ്‌കൈ ഫോള്‍ 2012, ഏറ്റവും ഒടുവിലിറിങ്ങിയ സപെക്ടര്‍ 2015 എന്നിവയിലും ക്രെയ്ഗ് ബോണ്ടായി തിളങ്ങി.