ഇരുപത്തിയഞ്ചാം ജയിംസ് ബോണ്ട് ചിത്രമായ ബോണ്ട് 25ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം. ചിത്രീകരണത്തിനിടെ പരിക്കേറ്റ നായകന്‍ ഡാനിയല്‍ ക്രെയ്ഗ് ഉടനെ തിരിച്ചെത്തും. കണങ്കാലിന് പരിക്കേറ്റ് യു.എസില്‍ വിശ്രമിക്കുന്ന ക്രെയ്ഗ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രീകരണം പുന:രാരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പ്രശസ്തമായ പൈന്‍വുഡ് സ്റ്റുഡിയോസിലെ ചിത്രീകരണത്തിനിടെ ക്രെയ്ഗിന് പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഷൂട്ടിങ് എന്ന് പുന:രാരംഭിക്കാനാവുമെന്ന് ഉറപ്പില്ലാത്തത് സിനിമയുടെ റിലീസിനെയും ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. 2020 ഏപ്രില്‍ എട്ടിനാണ് റിലീസ് നിശ്ചയിച്ചത്. 

എന്നാല്‍, കാലിലെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ക്രെയ്ഗിന് വീണ്ടും അഭിനയിച്ചുതുടങ്ങാമെന്നും എന്നാല്‍, അല്‍പം കരുതല്‍ ആവശ്യമായിരിക്കുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോണ്ട് ചിത്രങ്ങള്‍ക്കിടെയുള്ള പരിക്ക് പുതിയതല്ല ക്രെയ്ഗിന്. തന്റെ ആദ്യ ബോണ്ട് ചിത്രമായ കാസിനോ റോയലിന്റെയും പിന്നെ ക്വാണ്ടം ഓഫ് സോളസിന്റെയും 2015ല്‍ പുറത്തിറങ്ങിയ സ്‌പെക്ടറിന്റെയും ചിത്രീകരണങ്ങള്‍ക്കിടയിലും ഇതുപോലെ തോളിലെ പേശികള്‍ക്കും കണങ്കാലിനുമെല്ലാം പരിക്കേറ്റ ചരിത്രമുണ്ട് ക്രെയ്ഗിന്.

പ്രതിസന്ധികളിലൂടെ മുന്നോട്ടുപോകുന്ന ബോണ്ട് 25ന് നായകന്റെ പരിക്ക് ഏറ്റവും പുതിയ തിരിച്ചടിയാണ്. നേരത്തെ തന്നെ നിര്‍മാതാക്കളായ ബാര്‍ബറ ബ്രൊക്കോളിയും മൈക്കല്‍ ജി വില്‍സണുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സംവിധായകന്‍ ഡാനി ബോയല്‍ ചിത്രം ഉപേക്ഷിച്ചുപോയിരുന്നു. കാരി ജോജി ഫുകുനാഗയാണ് പുതിയ സംവിധായകന്‍. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനായത്. നേരത്തെ നിശ്ചയിച്ചിരുന്ന റിലീസ് തിയ്യതിയും മാറ്റേണ്ടിവന്നു.

ജമൈക്കയില്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ബോണ്ടിന് പഴയ സുഹൃത്ത് ഫെലിക്‌സ് ലെയ്റ്ററുടെ അപേക്ഷ അനുസരിച്ച് കാണാതായ ഒരു ശാസ്ത്രജ്ഞനെ കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുക്കേണ്ടിവരുന്നതാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ഈ യാത്രയില്‍ അപകടകരമായ പല സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങള്‍ ബോണ്ടിന് നേരിടേണ്ടിവരുന്നുണ്ട്. ലണ്ടന്‍, ഇറ്റലി, നോര്‍വെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.

ക്രെയ്ഗിന്റെ അഞ്ചാമത്തെ ബോണ്ട് ചിത്രമാണിത്. കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫോള്‍, സ്‌പെക്ടര്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

Content Highlights: Daniel Craig expected to return to Hollywood James Bond Movie Bond 25 sets within the week