ചൈനീസ് ബോക്സ് ഓഫീസില്‍ ആമിര്‍ ഖാന്റെ ദംഗലിന്റെ ജൈത്രയാത്ര തുടരുന്നു. ചൈനീസ് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയുടെ ബലത്തില്‍ ആഗോള തലത്തിലുള്ള വരുമാനത്തില്‍ ഇന്ത്യന്‍ സിനിമയിലെ സര്‍വകാല റെക്കോഡുകളും തകര്‍ത്ത് 2000 കോടി രൂപ നേടിയിരിക്കുകയാണ് ചിത്രം. ഫോബ്‌സാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. 1725 കോടി നേടിയ ബാഹുബലി 2 രണ്ടാം സ്ഥാനത്താണ്. 

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകര്‍ത്തിരുന്നു. 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന് റെക്കോഡും ബാഹുബലി സ്വന്തമാക്കിയിരുന്നു. 

2016 ഡിസംബറില്‍ പുറത്തിറങ്ങിയ ദംഗല്‍ 700 കോടിയാണ് നേടിയിരുന്നത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം മെയ് മാസത്തില്‍ ചൈനയില്‍ റിലീസ് ചെയ്തതാണ് ദംഗലിനെ ബാഹുബലിക്കും മുന്നിലെത്തിച്ചത്.

 ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെയും മക്കളായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും കഥ പറയുന്ന ചിത്രം ലിംഗസമത്വത്തെയും സ്ത്രീ ശാക്തീകരണത്തെയും  ഭംഗിയായി അവതരിപ്പിച്ചതാണ് ചൈനീസ് പ്രേക്ഷകരെ കീഴടക്കാന്‍ കാരണം. ലിംഗ സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൈനയിലും നിലനില്‍ക്കുന്നുണ്ട്. 

ബാഹുബലിയുടെ രണ്ടാം ഭാഗം ജൂലായില്‍ ചൈനയില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒന്നാംഭാഗം ചൈനീസ് ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.