മുംബെെ: പ്രശസ്ത നർത്തകൻ അസ്താദ് ദേബൂ അന്തരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബെെയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 

​ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തിൽ  ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെ വയസ്സിലാണ് നൃത്തലോകത്തെത്തുന്നത്. കൊൽക്കത്തയിലും ജംഷഡ്പൂരിലുമായിരുന്നു ദേബൂവിന്റെ ബാല്യകാലം. പ്രശസ്ത നർത്തകരായ ഇന്ദ്രകുമാർ മൊഹന്തി, പ്രഹ്ലാദ് ദാസ് എന്നിവരുടെ കീഴിൽ കഥക് അഭ്യസിച്ചു. 

മുംബെെയിൽ നിന്ന് ബികോം പഠനത്തിനിടെയാണ് അസ്താദ് ദേബൂ കണ്ടംപററി നൃത്തത്തിൽ ആകൃഷ്ടനാകുന്നത്. ബിരുദം പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം മാർത്ത ​ഗ്രഹാം സെന്റർ ഫോർ കണ്ടംപററി ഡാൻസിൽ നിന്ന് പാശ്ചാത്യനൃത്തത്തിൽ പ്രാവീണ്യം നേടി. അമേരിക്കയിലെ നൃത്ത പഠനത്തിന് ശേഷം കേരളത്തിലെത്തിയ അസ്താദ് ദേബൂ ഗുരു ഇ.കെ പണിക്കരുടെ കഴിൽ കഥകളി അഭ്യസിച്ചു. 

അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കാലാജീവിതത്തിൽ 70 ലേറെ രാജ്യങ്ങളിൽ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം നൃത്തം ചെയ്തു. 1995 ൽ സം​ഗീത നാടക അക്കാദമി പുരസ്കാരം  നേ‌ടി, 2005 ൽ രാജ്യം പദ്മശ്രീ നൽകി ആ​ദരിച്ചു.

സിനിമാ രം​ഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവണ്‍, എം.എഫ് ഹുസെെന്റ് മീനാക്ഷി; ദ ടെയ്ൽ ഓഫ് ത്രി സിറ്റീസ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തി‌‌ട്ടുണ്ട്. അസ്താദ് ദേബുവിന്റെ നിര്യാണത്തിൽ കലാസാംസ്കാരിക രം​ഗത്തുള്ളവർ  അനുശോചിച്ചു.

Content Highlights: Dance Pioneer Astad Deboo Dies At 73, Kathak- Contemporary- Kathakali Dancer