മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ട  'ഡാം 999'  എന്ന സിനിമ വീണ്ടും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഒൻപത് വർഷങ്ങൾക്കു മുൻപ്,  സിനിമ ഇറങ്ങിയത് മുതൽ തമിഴ്നാട് ഈ ചിത്രത്തിന് നിരോധനമേർപ്പെടുത്തിയിരിക്കുകയായിരുന്നു. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ഈ ചിത്രം പ്രദർശിപ്പിക്കാൻ തമിഴ്നാട് സർക്കാർ മാത്രം അനുവാദം നൽകിയിരുന്നില്ല.  നിരോധനത്തിന്റെ  കാലാവധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ്  അതു  പുതുക്കികൊണ്ട് സർക്കാർ വീണ്ടും ഉത്തരവ് ഇറക്കിയത്.

രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് നിരോധനം തുടരുന്നത്. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ  ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാർ പ്രക്ഷോഭം ആളിപ്പടരാൻ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്. അതോടുകൂടി ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള നടപടികളുമായി തമിഴ്നാട് മുൻപോട്ടു പോവുകയുണ്ടായി. 

ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ഡാം 999, പിന്നീട് ഒട്ടനവധി അന്തർദേശീയ ബഹുമതികൾ ചിത്രം നേടുകയുണ്ടായി . ഓസ്‌കാറിന്റെ പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട്  ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി.

ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999.   ഇതോടൊപ്പം,  ഓസ്കാർ അക്കാദമി ലൈബ്രറിയിലെ 'പെർമെനന്റ് കോർ കളക്ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെടുക എന്ന അപൂർവനേട്ടവും  സംവിധായകൻ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാൻ സാധിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ  നൂറ്റി മുപ്പതോളം അന്തർദേശീയ ചലച്ചിത്രമേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് ഡാം 999

Content Highlights: Dam 999 Movie banned in Tamilnadu again, Sohan Roy, Mullaperiyar Dam controversy