സിനിമയാവട്ടെ, മോഡലിങ്ങാവട്ടെ, ഗ്ലാമറിന്റെ ലോകത്ത് ചെറുപ്പക്കാര്‍ക്ക് മാത്രമേ അവസരം ലഭിക്കൂ എന്നൊരു ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ അത്തരം ചിന്താഗതികളെ തിരുത്തിയെഴുതിയ വ്യക്തിയാണ് ദല്‍ജിത്ത് സീന്‍ സിങ് എന്ന സെലിബ്രിറ്റി താടിക്കാരൻ.

ആദ്യം മദ്യാസക്തിയുടെ ഇരുണ്ട കാലം. അവിടെ നിന്ന് തെരുവിലേക്ക്. അതുകഴിഞ്ഞ് പുനരധിവാസ കേന്ദ്രത്തിലെ അടച്ചിട്ട ജീവിതം. അവിടെ നിന്ന് നാൽപതാമത്തെ വയസ്സില്‍ മോഡലിങ് രംഗത്തേക്ക്... സിനിമയെ വെല്ലുന്ന ക്ലൈമാക്സുകളും ആന്റിക്ലൈമാക്സുകളും നിറഞ്ഞ ജീവിതത്തെക്കുറിച്ച് പറയുകയാണ് ദല്‍ജിത്ത്.

ഡല്‍ഹിയെ വ്യവസായ പ്രമുഖനായ മോഹിന്ദര്‍ജിത്ത് സിങ്ങിന്റെ മകനാണ് ദല്‍ജിത്ത്. ബോസ്റ്റണിലെ ലൈക്ക് ടൗണും ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ പണികഴിപ്പിച്ചത് മോഹിന്ദര്‍ജിത്ത് സിങ്ങാണ്.

അച്ഛന്റെ സഹായിയായാണ് ദല്‍ജിത്ത് അമേരിക്കയിലെ അറ്റാലാന്റിയിലെത്തിയത്. എന്നാല്‍ കടുത്ത മദ്യപാനത്തിനടിമയായ ദല്‍ജിത്തിന് ഒന്നും നോക്കി നടത്താനുള്ള കഴിവുണ്ടായിരുന്നില്ല.വാഷിങ്ടണിലെ തെരുവുകളില്‍ പിച്ചക്കാരനെപ്പോലെ അലഞ്ഞു നടന്ന ദല്‍ജിത്തിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അറ്റ്‌ലാന്റയിലെ മദ്യമുക്ത കേന്ദ്രത്തിലാക്കി. മദ്യപാനാസക്തിയെ മറകടന്ന ദല്‍ജിത്ത് പിന്നീട് കാലു കുത്തുന്നത് മോഡലിങ് രംഗത്താണ്. അതും നാല്‍പ്പതാം വയസ്സില്‍. എന്നാൽ പെട്ടന്നു തന്നെ ദൽജിത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലുള്ള മനോഹരമായ താടിയും മുടിയും തരംഗമായി. ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധി ഫോളോവേഴ്‌സാണ് ദല്‍ജിത്തിനുള്ളത്.

daljit sean singh

നാൽപത്തിയെട്ടമത്തെ വയസ്സില്‍ ദല്‍ജിത്തിന്  ഒരു അപ്രതീക്ഷിത ഫോണ്‍കോള്‍ വന്നു. ബോളിവുഡ് സംവിധായകന്‍ സഞ്ജയ്‌ലീല ബന്‍സാലിയുടെ മാനേജരായിരുന്നു മറ്റേ അറ്റത്ത്.

നിങ്ങള്‍ ബാബയല്ലേ? സഞ്ജയ് സാറിന് താങ്കളെ കാണണമെന്നുണ്ട്. പദ്മാവത് സിനിമയില്‍ ഒരു വേഷമുണ്ട്. 

മാനേജര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദല്‍ജിത് പറഞ്ഞു. ഞാന്‍ വരുന്നില്ല. അവസാനം നിങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നില്ലെങ്കില്‍ എന്റെ യാത്ര വെറുതെയാകും. വെറുതെ വിമാനം പിടിച്ച് വരാന്‍ കയ്യില്‍ പണമില്ല. മറുപടി കേട്ട് ദല്‍ജിത്തിനെ വിട്ടുകളയാന്‍ പദ്മാവതിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മനസ്സു വന്നില്ല. വിമാന ടിക്കറ്റും മറ്റു യാത്രാച്ചെലവുകളും നല്‍കി അദ്ദേഹത്തെ മുംബൈയിലെത്തിച്ചു. അങ്ങനെ പദ്മാവതിലെ ഷരീഫ് പാഷ എന്ന കഥാപാത്രത്തെ ദല്‍ജിത്ത് അവിസ്മരണീയമാക്കി. ലോകത്തില്‍ ഇത്രയും മനോഹരമായ താടി താന്‍ വേറെ  കണ്ടിട്ടില്ലെന്നാണ് പദ്മാവതിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ദല്‍ജിത്തിനോട് അന്ന് പറഞ്ഞത്. 

daljit sean singh

ദല്‍ജിത്തിന്റെ മാതൃകാപുരുഷന്‍ മുത്തശ്ശനും കെട്ടിട നിര്‍മാതാവുമായിരുന്ന സര്‍ദാര്‍ ബഹാദൂര്‍ ധരം സിങ്ങാണ്. എഴുത്തുകാരന്‍ ഖുശ്വന്ത് സിംഗിന്റെ അച്ഛനും പ്രമുഖ കെട്ടിട നിര്‍മാതാവുമായിരുന്ന ശോഭാ സിംഗിനൊപ്പം ഡല്‍ഹിലെ കൊണാട്ട് പ്ലേസ് നിര്‍മാണത്തില്‍ ധരം സിങ്ങും പങ്കാളിയായിരുന്നു. മുത്തശ്ശന്റെ താടിയും മുടിയുടെയും സൗന്ദര്യം തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് ദല്‍ജിത്ത് പറയുന്നു. 

ദല്‍ജിത്തിന്റെ അമ്മ പൗലിന്‍ യു.കെ സ്വദേശിനിയാണ്. ലണ്ടനില്‍ വച്ചാണ് പൗലിന്‍ മോഹിന്ദര്‍ജിത്തിനെ കാണുന്നതും പ്രണയത്തിലാകുന്നതും. 1969 ല്‍ ഓക്ടോബര്‍ 20 ന് ദല്‍ജിത്ത് ജനിച്ചു. 80കളില്‍ മോഹിന്ദര്‍ജിത്തും പൗലിനും വേര്‍പിരിഞ്ഞു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന്റെ മാനസിക വിഷമം തന്നെ കടുത്ത മദ്യപാനിയാക്കിയെന്ന ദല്‍ജിത്ത് പറയുന്നു.

daljit sean singh

മദ്യപിച്ച് ലക്കു കെട്ട ഞാന്‍ അറ്റ്‌ലാന്റയില്‍ വച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ തല്ലി. അത് വലിയ കേസായി. എന്നെ മദ്യമുക്ത കേന്ദ്രത്തിലാക്കി. അവിടെ നിന്ന് പുറത്തിറങ്ങിയ ഞാന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററായി ജോലി നോക്കി. അതിന് ശേഷം ഈവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി. ജനനം മുതല്‍ മരണം വരെ എല്ലാം ഭംഗിയാക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. മരണവുമായി ബന്ധപ്പെട്ട അനുഭവമാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 

daljit sean singh

2008 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ദല്‍ജിത്ത് നമ്രത മാമക് എന്ന ഐ.ടി ഉദ്യോഗസ്ഥയെ വിവാഹം ചെയ്തു. ഇന്ന് ദല്‍ജിത്ത് എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ്. കുടുംബം എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കി. ഞാന്‍ നല്ല പ്രായം കളഞ്ഞുവെന്ന് പറയുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ. പ്രായത്തിന്റെ കണക്കു പറഞ്ഞ് ജീവിത്തെ വേലികെട്ടി തിരിക്കരുത്. 

daljit sean singh
ദല്‍ജിത്ത് സീന്‍ സിങ് കുടുംബത്തോടൊപ്പം

Content Highlights: daljit sean singh trending beard padmavat movie omerta model actor