ജോണ്‍സണ്‍ എസ്തപ്പാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡഫേദാറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ലുലു മാളില്‍ നടന്ന പൊതു ചടങ്ങില്‍ നടന്‍ അജു വര്‍ഗീസാണ് ലിറിക്കല്‍ ഓഡിയോ സോങും ട്രെയിലറും പുറത്തിറക്കിയത്. ചിത്രത്തിലെ നായകന്‍ ടിനി ടോം, മാളവികാ നായര്‍, കവിതാ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഏദന്‍ ഫിലിംസിന്റെ ബാനറില്‍ ജിക്സണ്‍ തെക്കുംതല, ജിനു മാത്യു ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. മലയാള സിനിമയില്‍ വില്ലനായും കൊമേഡിയനായും നായകനായുമൊക്കെ ടിനി ടോം എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തതയുള്ള കഥാപാത്രമാണിത്.

Dafedar Malayalam Movie

കളക്ടറുടെ ഓഫീസിലെ തൊപ്പി വെച്ച ശിപായിയെ വിളിക്കുന്ന പേരാണ് ഡഫേദാര്‍. സിനിമകളിലും മറ്റും ഡഫേദാറുമാര്‍ ലേലം വിളിക്കുന്നതും ജപ്തിയില്‍ നോട്ടീസ് പതിക്കുന്നതുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരാളെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്.

കലാഭവന്‍ മണിയെ നായകനാക്കി ചിത്രമൊരുക്കാനായിരുന്നു ജോണ്‍സണ്‍ എസ്തപ്പാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ആ കഥാപാത്രം ടിനി ടോമിലേക്ക് എത്തുകയായിരുന്നു. മണിയുടെ മകന്റെ വേഷത്തിലായിരുന്നു ടിനി ആദ്യം അഭിനയിക്കാമെന്ന് ഏറ്റിരുന്നത്.

അനന്യ ഉള്‍പ്പെടെയുള്ള നായികമാരുടെ പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് അനന്യ നേരത്തെ മാതൃഭൂമിയോട് സ്ഥിരീകരിച്ചിരുന്നു. അനന്യയുടെ സ്ഥാനത്തേക്കാണ് മാളവിക എത്തിയിരിക്കുന്നതെന്നാണ് സൂചന. 

കെ. ജയകുമാര്‍, റഫീഖ് അഹമ്മദ് എന്നിവര്‍ രചിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഇളയരാജയാണ്. അല്‍ക്ക അജിത്ത്‌, വിജയ് യേശുദാസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. സുധീര്‍ കെ. സുധാകറാണ് ഛായാഗ്രഹണം.