കൊച്ചി : എഎംഎംഎ ക്കെതിരെ വിമര്‍ശനമുന്നയിച്ച നടിമാരെ അവഹേളിച്ച് പ്രമുഖ നടന്‍മാരുടെ ആരാധകര്‍. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പേജിലാണ് നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളുന്നയിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം. എറണാകുളം പ്രസ് ക്ലബില്‍ വച്ചു ശനിയാഴ്ച്ച നടന്ന സമ്മേളനം WCC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ആ ഫേസ്ബുക്ക് ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.

പത്ര സമ്മേളനത്തില്‍ സംസാരിച്ച രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരെ ഫീല്‍ഡ് ഔട്ട് ആയ നടിമാരെന്നാണ് ചില ഫാന്‍സ് കമന്റുകളില്‍ പരാമര്‍ശിക്കുന്നത്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരേയും അവഹേളിക്കുന്നതോടൊപ്പം ഇനി തീയേറ്ററില്‍ അവരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ക്കെതിരെ ഉയരുന്ന അശ്ലീല പരാമര്‍ശങ്ങളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ നടിമാര്‍ പരാതിപ്പെട്ടിരുന്നു. എന്തു തന്നെ വന്നാലും തങ്ങളുടെ നിലപാടുകളില്‍ നിന്നും പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും വാര്‍ത്താ സമ്മേളനത്തിനിടയില്‍ ഡബ്ലിയുസിസി അംഗങ്ങള്‍ പറഞ്ഞു.