പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന്  കഴിഞ്ഞ ദിവസമാണ് സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ നടൻ പൃഥ്വിക്കെതിരേ സൈബർ ആക്രമണം ശക്തമാകുകയാണ്. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മ​ദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തിൽനിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. 

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921-ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ നായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാന ശത്രുവായി കണ്ടത് ഹാജിയെയായിരുന്നു. 

മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021-ലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്ന്  ആഷിക് അബു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹർഷദ്, റമീസ് എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും. കോംപസ് മൂവീസും ഒ പി എം സിനിമാസും ചിത്രത്തിൽ സഹകരിക്കും.

Content Highlights : Cyber Attack against Prithviraj for Acting In Variyamkunnan directed by Aashiq Abu