കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സർക്കാരിന്റെ  ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ വിജയ് നായകനായ മെര്‍സലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്.

ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായ തമിളിസൈ സൗന്ദർരാജനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ചിത്രത്തിന് കത്രിക വയ്ക്കാൻ ആവശ്യപ്പെട്ടത്.

വിജയിന്റ മെര്‍സലിലെ ചില രംഗങ്ങളോട് എനിക്ക് എതിരഭിപ്രായമുണ്ട്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണം. വിജയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുള്ളതിന്റെ തെളിവാണിത്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്- തമിളിസൈ  പറഞ്ഞു.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ വിദേശത്തുള്ള വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററിൽ വലിയ കൈയടിക്ക് വഴിവച്ച ഈ സീൻ.

രണ്ടാമത്തേത് നായകൻ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാൽ, 28 ശതമാനം ജി. എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ ഡയലോഗാണ് പ്രശ്നമായത്.

ചിത്രം ഇറങ്ങിയതു മുതൽ ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇതിന് പിറകെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തന്നെ ആ സീനുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ ദീപാവലി ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണവുമായി തിയേറ്ററില്‍ മുന്നേറുകയാണ് ഈ ചിത്രം. നിത്യ മേനോന്‍, കാജള്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.