ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രത്തെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ രാജമൗലി. ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം.

ബാഹുബലി ആദ്യഭാഗം പുറത്ത് വന്നതിന് ശേഷം തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ വീരനായികയായി എത്തുന്ന അവന്തിക ഒരുഘട്ടമെത്തുമ്പോള്‍ നായകന്റെ നിഴലായി ഒതുങ്ങുന്നു. ധീരയായ നായിക പ്രണയത്തില്‍ മതിമറന്ന് തന്നെ ഏല്‍പ്പിച്ച ദൗത്യം നായകന് കൈമാറുന്നു. തമന്നയും പ്രഭാസും ഒരുമിച്ചെത്തിയ ഗാനരംഗവും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അവന്തികയെ സംവിധായകന്‍ കേവലം ഒരു സൗന്ദര്യവസ്തു മാത്രമാക്കി മാറ്റിയെന്നും സിനിമാ നിരൂപകര്‍ വിലയിരുത്തി.  ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് രാജമൗലിയിപ്പോള്‍.

'തുടക്കത്തില്‍ അവന്തികയെ സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എനിക്ക് ദേഷ്യവും തോന്നിയിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി, ലോകത്ത് പലതരം ആളുകളുണ്ട്, അതൊന്നും കാര്യമാക്കേണ്ട എന്ന്. അവന്തിക എന്നെ സംബന്ധിച്ച് മനോഹരമായ ഒരു സൃഷ്ടിയാണ്. അതിലെ ആ ഗാനരംഗവും അതെ. ബാഹുബലി ഇന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്നത് എങ്കില്‍ ഒരു ഫ്രെയിമില്‍ പോലും മാറ്റം വരുത്തില്ല. ഞാന്‍ എന്താണ് ഉണ്ടാക്കിയത്, അതില്‍ എനിക്ക് അഭിമാനമുണ്ട്'- രാജമൗലി പറഞ്ഞു. 

Content Highlights: criticism on Avanthika. baahubali, rajamouli response, in Harvard conference ,tamannaah, tamanna