അക്ഷയ് കുമാർ, വിവാദമായ പരസ്യരംഗം | ഫോട്ടോ: എ.പി, സ്ക്രീൻഗ്രാബ്
സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനത്തിനിരയായി ബോളിവുഡ് നടൻ അക്ഷയ് കുമാറും അദ്ദേഹം അഭിനയിച്ച പുതിയ പരസ്യവും. ഖത്തർ എയർവേയ്സിനുവേണ്ടി അഭിനയിച്ച പരസ്യമാണ് ബോളിവുഡ് സൂപ്പർതാരത്തെ കുഴപ്പത്തിലാക്കിയത്. പരസ്യത്തിൽ ഒരിടത്ത് ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
കഴിഞ്ഞദിവസമാണ് ഖത്തർ എയർവേയ്സിന്റെ പരസ്യം അക്ഷയ് കുമാർ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. നടിമാരായ ദിഷാ പഠാണി, നോറാ ഫത്തേഹി, മൗനി റോയി, സോനം ബജ് വ എന്നിവരും പരസ്യത്തിൽ അക്ഷയ് കുമാറിനൊപ്പമുണ്ട്. കറങ്ങുന്ന ഒരു ഡിജിറ്റൽ ഗ്ലോബിന് മുകളിലൂടെ താരങ്ങൾ നടക്കുന്നതായാണ് പരസ്യത്തിലുള്ളത്. ഇതിൽ അക്ഷയ് കുമാർ നടക്കുമ്പോൾ ചവിട്ടുന്നത് ഇന്ത്യയുടെ ഭൂപടത്തിലാണ് എന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് കമന്റുകളായി വന്നത്. ഇന്ത്യയോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് നിങ്ങൾക്ക് നേടാനുള്ളതെന്നും ഭൂപടത്തിന് മുകളിലൂടെ നടക്കാമെന്നത് ആരുടെ ആശയമാണെന്ന് ചോദിച്ചവരുണ്ട്. ഖാൻമാർ ആരെങ്കിലുമാണ് ഇതുപോലെ ഷൂസിട്ട് ഭൂപടത്തിന് മുകളിലൂടെ നടന്നതെങ്കിൽ അവരെപ്പോഴേ ബഹിഷ്കരിക്കപ്പെട്ടേനെ എന്നും ചിലർ പ്രതികരിച്ചു.
രാജ് മേത്ത സംവിധാനം ചെയ്യുന്ന സെൽഫിയാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. ഇമ്രാൻ ഹാഷ്മി, ഡയാന പെന്റി, നുസ്രത്ത് ബറൂച്ച എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം. ഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് സെൽഫിയിൽ അക്ഷയ് കുമാർ എത്തുന്നത്. ധർമ പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
Content Highlights: criticism against akshay kumar and his new add film, selfiee movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..