കോവിഡ് മഹാമാരിക്കാലത്ത് സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സർക്കാർ പരസ്യത്തിനു ചുവടെ കമന്റിട്ടയാളെ വിമർശിച്ച നടി അഹാന കൃഷ്ണകുമാറിനെതിരെ വീണ്ടും വിമർശനം. താൻ പോസ്റ്റ് ചെയ്ത കമന്റിന്റെ പകുതി മാത്രം എടുത്ത് തന്നെ സൈബർ ബുള്ളിയായി ഫോളോവേഴ്സിനു മുന്നിൽ ചിത്രീകരിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച് മിസ്ഹാബ് മുസ്തഫ എന്നയാളാണ് അഹാനയ്ക്കെതിരെ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. തന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകളും മിസ്ഹാബ് പങ്കുവെച്ചിട്ടുണ്ട്.

മിസ്ഹാബ് വീഡിയോയ്ക്കു ചുവടെ പോസ്റ്റ് ചെയ്ത കമന്റ് ഇപ്രകാരമായിരുന്നു.

'മഹാമാരിയ്ക്കിടയിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കുറച്ച് ആഴ്ച്ചകൾക്കുമുമ്പ് താങ്കൾ ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. സ്വർണക്കടത്ത് കേസ്‌ മറച്ചുപിടിയ്ക്കാനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും താങ്കൾ പറഞ്ഞു. കോവിഡ് വ്യാപകമായി പടരുകയാണെന്നും സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും പറഞ്ഞ് അതേ സർക്കാരിനു വേണ്ടിയിപ്പോൾ താങ്കൾ വീഡിയോ ചെയ്യുന്നത്.

സൈബർ ബുള്ളിയിങ്ങിനെതിരെ ചെയ്ത വീഡിയോ നന്നായിരുന്നു. സൈബർ ആക്രമണം നേരിടേണ്ടി വന്നത് മോശം കാര്യം തന്നെയാണ്. താങ്കൾക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത് ലോക്ഡൗണിനെ നിസ്സാരവത്‌ക്കരിച്ച താങ്കളുടെ പ്രസ്താവന മൂലമാണ്. താങ്കളെപ്പോലെയുള്ള സെലിബ്രിറ്റികൾ എന്തു ചെയ്യുമ്പോഴും രണ്ടു പ്രാവശ്യം ചിന്തിക്കണം. തെറ്റ് മറച്ചുപിടിക്കുന്നതിനു പകരം തുറന്ന് സമ്മതിച്ചുകൂടെ? '

ഈ കമന്റിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് അഹാന ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചിരുന്നു. 'ഫെയ്സ്ബുക്കിലെ എന്റെ വീഡിയോയ്ക്കു ചുവടെ വന്നൊരു കമന്റാണിത്. ഒരു തെറ്റായ പ്രസ്താവന നടത്തിയതുകൊണ്ടാണ് ഞാൻ സൈബർ ബുള്ളിയിങ്ങിന് ഇരയായത് എന്നാണ് ഈ സർ പറയുന്നത്. അൽപവസ്ത്രം ധരിച്ചു പുറത്തിറങ്ങിയതുകൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ടത് എന്ന് ഒരു പെൺകുട്ടിയോടു പറയുന്നതു പോലെയല്ലേ' ഇത് എന്നാണ് അഹാന ചോദിക്കുന്നത്.

അഹാനയുടെ ഈ പരാമർശത്തിനെതിരെ മിസ്ഹാബ് വീണ്ടും രംഗത്തു വരികയായിരുന്നു. 'സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് സംസാരിച്ച അതേ വ്യക്തി തന്നെ എന്റെ കമന്റിന്റെ പകുതിയിലേറെയും എടുത്തുമാറ്റി അവരുടെ ലക്ഷങ്ങളോളം വരുന്ന ഫോളോവേഴ്സിനു മുന്നിൽ എന്നെ ഒരു സൈബർ ബുള്ളിയാക്കി ചിത്രീകരിച്ചിരിക്കുന്നു. ഒരു സെലിബ്രിറ്റിയെന്ന നിലയിൽ അവരുടെ ഫോളോവേഴ്സിന്റെ അഭിപ്രായങ്ങളെയും ചോദ്യങ്ങളെയും ശരിയായ വിധത്തിൽ എടുക്കാനുള്ള പക്വത അഹാന കാണിക്കണം. ബുള്ളിയിങ് ചെയ്യുന്നവരെ പിന്തുണച്ചോ എതിർത്തോ ഒന്നും എന്റെ കമന്റിൽ പറഞ്ഞിട്ടില്ല. എന്തിനെതിരെയാണ് അവർ പോരാടുന്നത്, അത് തന്നെയാണ് എന്നോടും ചെയ്തത്.''

Content Highlights :criticism against ahaana krishnakumar video against cyber bullying govt covid 19