സിസ്റ്റർ അമലയുടെ കൊലപാതകിയെ നിയമത്തിന് മുന്നിൽ എത്തിച്ച ഈശോ പണിക്കർ ഐപിഎസ് വീണ്ടും വരുന്നു. സിസ്റ്റർ അഭയ കേസിന്റെ അഭ്രാവിഷ്കാരം എന്ന പേരിൽ ശ്രദ്ധ നേടിയ ക്രൈം ഫയൽത്തിൽ സിസ്റ്റർ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈശോ പണിക്കർ ഐപിഎസ്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രം കൂടിയായിരുന്നു ഇത്. 1999 ലാണ് ക്രൈം ഫയൽ സിനിമ പുറത്തിറങ്ങിയത്.

ഈശോപണിക്കരെ വീണ്ടും കൊണ്ടുവരാനൊരുങ്ങുകയാണ് ക്രൈംഫയൽ സിനിമയുടെ സംവിധായകൻ കെ. മധു. ഇതിനായുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു. പുതിയ സിനിമയിലും സുരേഷ് ഗോപി തന്നെ ഈ വേഷം അഭിനയിക്കാനാണ് സാധ്യത. സുരേഷ് ഗോപിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന്  കെ. മധു പറഞ്ഞു. സിനിമയുടെ തിരക്കഥ ഉൾപ്പെടെയുള്ളവയുടെ ആലോചന  തുടങ്ങി. ഈശോപണിക്കരെ സൃഷ്ടിച്ച എ.കെ. സാജൻ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ.

അഭയ കേസോടെ സിബിഐ എന്ന അന്വേഷണ ഏജൻസിയേപ്പറ്റി വീണ്ടും വാർത്തകൾ വരികയാണ്. ഈ സാഹചര്യത്തിൽ മലയാളികൾ ആവേശപൂർവം സ്വീകരിച്ചിരുന്ന സേതുരാമയ്യർ എന്ന കുശാഗ്രബുദ്ധിക്കാരനായ സിബിഐ ഉദ്യോഗസ്ഥൻ വീണ്ടും വരുമെന്നും സംവിധായകൻ മധു വെളിപ്പെടുത്തുന്നു.  ഇതിനുള്ള തിരക്കഥയുൾപ്പെടെയുള്ള പ്രാരംഭഘട്ട നടപടികൾ പൂർത്തിയായി. സേതുരാമയ്യരായി അഭിനയിക്കാൻ നടൻ മമ്മൂട്ടി സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

Content Highlights: Crime File Movie second part, K Madhu, Suresh Gopi, Abhaya Case