സൂര്യ, സച്ചിൻ | photo: facebook/sachin tendulkar, suriya sivakumar
തമിഴ് നടന്‍ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നുവെന്ന കുറിപ്പോടെയാണ് സച്ചിന്‍ ചിത്രം പങ്കുവെച്ചത്. സൂര്യയെ കണ്ടുമുട്ടിയതിലുള്ള സന്തോഷവും സച്ചിന്‍ പ്രകടിപ്പിച്ചു.
സച്ചിനുമൊത്തുള്ള ചിത്രം സൂര്യയും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 'സ്നേഹവും ബഹുമാനവും' എന്ന ക്യാപ്ഷനോടെയാണ് സൂര്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. രണ്ട് ഇതിഹാസങ്ങള്‍ ഒരൊറ്റ ഫ്രെയിമിലെന്ന് ഒരാള്‍ കുറിച്ചു. രണ്ട് മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്‌സ് എന്ന് മറ്റൊരാള്‍ കുറിച്ചു.
സംവിധായകന്‍ ചിരുത്തൈ ശിവയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് സൂര്യ ഇപ്പോള്‍. ചിത്രവുമായി ബന്ധപ്പെട്ട സൂര്യ ധാരാളം മൂംബൈ യാത്ര നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അങ്ങനെ മുംബൈയില്‍ എത്തിയപ്പോള്‍ സച്ചിനെ കാണാന്‍ സൂര്യ എത്തിയതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സൂര്യയുടെ കരിയറിലെ 42-ാം ചിത്രമാണ് ശിവയുമായി ചെയ്യുന്നത്. സൂര്യ 42 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. പീരിയോഡിക് ത്രീഡി ചിത്രമായിരിക്കും സൂര്യ 42 എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. പത്ത് ഭാഷകളിലായിരിക്കും ചിത്രമെത്തുക. ദിഷാ പഠാണിയാണ് നായിക. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: cricketer sachin shares picture with actor surya goes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..