അരൂർ: പുറത്തുനിന്നു നോക്കിയാൽ ഒരു ചെറു കെട്ടിടം. തുരുമ്പെടുത്ത ഇരുമ്പ് ഷീറ്റുകളാണു ചുറ്റും. അകത്തു കയറിയാൽ ആരുമൊന്ന് അമ്പരക്കും. വൻകിട ഹോട്ടലുകളിലെ പോലെ സ്യൂട്ട് മുറിയാണ് ഈ ഇരുമ്പു ഷീറ്റിനുള്ളിൽ. മുറിക്കുള്ളിലെ എൻട്രി ബോർഡിനു കീഴിലെ വാതിൽ തുറന്നാലുള്ള ലോകം അതിലും മാസ്മരികം. ഡി.ടി.എസ്. സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള മിനി തിയേറ്ററാണ് ഇവിടെ. 240 ചതുരശ്ര അടി സ്ഥലത്താണ് ഈ അദ്ഭുതലോകം. കോവിഡ് കാലത്തെ ബോറടി മാറ്റാൻ തുടങ്ങിയ കരവിരുതാണിത്. പള്ളിപ്പുറം ചെറുകാട്ട് ജയകൃഷ്ണനാണ് കാലിത്തൊഴുത്തിനെ ഇത്തരത്തിൽ മാറ്റിയത്.

എട്ട് കമ്പികളിൽ ഉയർന്നു നിൽക്കുന്ന ചെറിയ ഷെഡ്ഡ് കാലികളെ കെട്ടാനും വൈക്കോൽ നനയാതെ സൂക്ഷിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. പ്ലംബിങ്‌, കോർകട്ടിങ്‌ ജോലികളായിരുന്നു ജയന്. കോവിഡ് പരന്നതോടെ ജോലി ഇല്ലാതായി. വീട്ടിലിരുന്നു മടുത്തപ്പോഴാണ് ഷെഡ്ഡിൽ നോട്ടം പതിച്ചത്. ആദ്യം ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നാലുവശവും മറച്ചു. പേരിന് പഴയ രണ്ട് വാതിലും ഒരു ജനൽപ്പാളിയും െവച്ചു. അപ്പോഴാണ് താൻ ജോലിചെയ്ത ഹോട്ടലിലെ സ്യൂട്ട് റൂം ഓർമയിൽ വന്നത്. അനുജൻ അഭിലാഷും അനന്തിരവൻ അഭിജിത്തും കൂട്ടുകാരുമൊക്കെ പിന്തുണയേകി. അങ്ങനെ കാലിത്തൊഴുത്തിന്റെ അകം ഭംഗിയേറിയ സ്യൂട്ട് റൂമാക്കി. കുളിമുറിയില്ല. പക്ഷേ ഒരാൾക്ക് പെരുമാറാൻ കഴിയുന്ന അടുക്കളയുണ്ട്. 170 ചതുരശ്ര അടിയിലാണ് ഇവ പൂർത്തീകരിച്ചത്.

സിനിമാ കമ്പക്കാരനായ ജയന്റെ അടുത്ത ലക്ഷ്യം മിനി തിയേറ്ററായിരുന്നു. 70 ചതുരശ്ര അടിയിലാണ് തിയേറ്റർ. വിജയദശമി ദിനമായ വെള്ളിയാഴ്ച തിയേറ്റർ ഔദ്യോഗികമായി തുറന്നു; വീട്ടുകാർക്കു മാത്രം സിനിമ കാണാൻ. ആറ് സീറ്റുകളാണ് തിയേറ്ററിൽ. ഡി.ടി.എസ്. സൗണ്ട് സിസ്റ്റത്തിനൊപ്പം, എൽ.ഇ.ഡി. പ്രൊജക്ടർ, പ്രൊജക്ടർ സ്‌ക്രീൻ, എയർ കണ്ടീഷൻ, വൈഫൈ കണക്ഷൻ, തിയേറ്റിലെപ്പോലെ എക്‌സിറ്റ് എൻട്രി ബോർഡ്, പുഷ്ബാക്ക് സീറ്റ് എന്നിവയൊക്കെയുണ്ട്. നിർമാണത്തിന്റെ 80 ശതമാനവും തീർത്തത് ജയൻ ഒറ്റയ്ക്കാണ്. പള്ളിപ്പുറം സാബു എന്ന പെയിന്ററുടെ കഴിവു കൂടിയായപ്പോൾ സിനിമാ തിയേറ്ററിന്റെ ഫുൾ ഫീലായി. മാതൃഭൂമി ഏജന്റാണ് ജയകൃഷ്ണനും അനുജൻ അഭിലാഷും.

Content Highlights: Jayakrishnan from aroor convert cowshed to Mini theater and suit room