കോവിഡ് പ്രതസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് കിച്ചണ്‍ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയില്‍ കോവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷയുടെ വാക്കുകള്‍:

പ്രിയരേ,

കോവിഡിന്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ 'ആരും പട്ടിണി കിടക്കരുത്' എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിച്ചണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം....

എന്ന്, 
നിങ്ങളുടെ സ്വന്തം
ബാദുഷ

Content Highlights: Covid Kitchen Ernamkulam starts againm says Production controller Badusha