കണ്ണൂർ : ജില്ലയിൽ ബുധനാഴ്ച പ്രദർശനം പുനരാരംഭിച്ച തിയേറ്ററുകളിൽ കാണികളുടെ തണുപ്പൻ പ്രതികരണം. പേരാവൂർ ‘ഓറ സിനിമാസി’ലെ ആദ്യ മൂന്ന് പ്രദർശനവും കാണികളാരും എത്താഞ്ഞതിനെത്തുടർന്ന് ഉപേക്ഷിച്ചു.

ആറിനുള്ള പ്രദർശനം നടന്നുവെങ്കിലും കാഴ്ചക്കാർ നന്നേ കുറവായിരുന്നു. എത്തിയവരെല്ലാം യുവാക്കളാണ്. കുടുംബപ്രേക്ഷകരാരും സിനിമ കാണാനെത്തിയില്ല. വിദേശ സിനിമകളായ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’, വെനം എന്നിവയാണ് ഇവിടെ റിലീസ് ചെയ്തിരുന്നത്.

മലയാള സിനിമയാണെങ്കിൽ കൂടുതൽ പേരെത്തുമായിരുന്നു എന്നാണ് വിലയിരുത്തൽ. ആലക്കോട് ഫിലിം സിറ്റിയിലെ സൂര്യ, ചന്ദ്ര, നക്ഷത്ര എന്നീ മൂന്ന് തിയേറ്ററുകളിലും സമാനമായ സ്ഥിതിയായിരുന്നു.

മൂന്ന് തിയേറ്ററുകളിലെ ഒൻപത് ഷോകൾക്കായി നൂറിൽപരം പേരാണെത്തിയത്.

ജോജു നായകനായ ‘സ്റ്റാർ’ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നതോടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലിം സിറ്റി ചെയർമാൻ കെ.എം. ഹരിദാസ് അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം നേരത്തേ തിയേറ്ററുകൾ തുറന്നപ്പോൾ കാണികൾ വൻ സ്വീകരണമായിരുന്നു നൽകിയത്.

വിജയ്‍യുടെ ‘മാസ്റ്റർ’ പ്രദർശിപ്പിച്ചതിനാലാണ് അന്ന് അത്രയും കാഴ്ചക്കാരെത്തിയത്. നവംബർ ആദ്യവാരത്തോടെ മലയാള സിനിമകളും ദീപാവലി ചിത്രങ്ങളും റിലീസ് ചെയ്യുന്നതോടെ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. പാതി സീറ്റുകളിലേക്ക് മാത്രമാണ് നിലവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Content Highlights: Covid crisis theater opening in Kerala,  shows cancelled