കൊച്ചി : സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും പൂട്ടുമെന്ന നിലയിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്.

മാർച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയിൽ ബുധനാഴ്ച യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്താൻ സാധ്യത കുറവാണ്. ഒരു തരത്തിലും തിയേറ്റർ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോൾ ഫ്രീ’, ‘അജഗജാന്തരം’, ‘ആർക്കറിയാം’ തുടങ്ങിയ ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചത്. അതിനു മുമ്പ്‌ എത്തേണ്ട ‘മരട്’, ‘വർത്തമാനം’ എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചു.

അടുത്തയാഴ്ച എത്തേണ്ട മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റും’ റിലീസ് നീട്ടാനുള്ള ആലോചനയിലാണ്.

കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ സർക്കാർ, സിനിമയോടു മാത്രം പ്രത്യേക നയം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി.

ബാറുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ രാത്രി വരെ പ്രവർത്തിക്കുന്നതിൽ സർക്കാർ ഒരു തടസ്സവും കൊണ്ടുവന്നിട്ടില്ല.

തീവണ്ടിയിലും ബസിലുമൊക്കെ രാത്രി ദീർഘദൂര യാത്ര ചെയ്യുന്നതിലും തടസ്സങ്ങളില്ല.

എന്നാൽ, രാത്രി ഒമ്പതു മണിക്കു ശേഷം തിയേറ്ററുകൾ തുറന്നാൽ മാത്രം കൊറോണ വരുമെന്ന മട്ടിലാണ് അധികൃതരുടെ നിലപാടുകളെന്നും ഇവർ പറയുന്നു.

രണ്ട്‌ മാസത്തിനകം റിലീസിനൊരുങ്ങിയ സിനിമകൾ

മമ്മൂട്ടി ചിത്രങ്ങളായ 'ദി പ്രീസ്റ്റ്', 'വൺ'

കുഞ്ചാക്കോ ബോബൻ ചിത്രങ്ങളായ 'മോഹൻ കുമാർ ഫാൻസ്', 'നായാട്ട്', 'നിഴൽ'

ലാൽ ചിത്രം 'ടി സുനാമി'

ആസിഫ് അലി ചിത്രം 'കുഞ്ഞെൽദോ'

റംസാൻ റിലീസിന്‌ ഒരുങ്ങുന്ന ചിത്രങ്ങൾ

മോഹൻ ലാൽ ചിത്രം 'കുഞ്ഞാലി മരയ്ക്കാർ'

മുന്നിൽ വലിയ പ്രതിസന്ധി

ഫഹദ് ഫാസിൽ ചിത്രം 'മാലിക്'സെക്കൻഡ് ഷോയ്ക്കു വേണ്ടി സിനിമാക്കാർ കൂടുതൽ ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിൽമുന്നിൽ വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധിയിലേക്കാണ്‌ മലയാള സിനിമാ രംഗം പോകുന്നത്. കോവിഡ്കാലത്ത്‌ ചില്ലിക്കാശ്‌ വരുമാനമില്ലാതിരുന്ന ഉടമകൾ കടം വാങ്ങിയാണ്‌ തിയേറ്ററുകൾ വീണ്ടും തുറന്നത്. കടം വാങ്ങിയും കൊള്ളപ്പലിശ നൽകിയും സ്വരൂപിച്ച പണം മുടക്കിയാണ് എല്ലാവരും തിയേറ്ററുകൾ നവീകരിച്ചത്. ഉടമകളിൽ ചിലർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.

കെ. വിജയകുമാർ,

ഫിലിം ചേംബർ പ്രസിഡന്റ്

Content Highlights: Covid 19 theater owners demand second show