-
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമകളുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഷൂട്ടിങ് നിര്‍ത്തലാക്കിയതോടെ സിനിമകളുടെ അണിയറപ്രവര്‍ത്തകരായ ദിവസവേതനക്കാർ ആകെ ബുദ്ധിമുട്ടിലാണ്. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തമാകാന്‍ ഒരുങ്ങുകയാണ് ചലച്ചിത്രമേഖലയിലെ തൊഴിലാളികളുടെ സംഘടനയായഫെഫ്ക. വരുന്ന ഏപ്രില്‍14നുള്ളില്‍ തുക സമാഹരിച്ച് തൊഴിലാളികൾക്ക് നല്‍കുമെന്ന് സംവിധായകനും ഫെഫ്ക യൂണിയന്‍ പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.
സംവിധായകന്റെ വാക്കുകള്‍
ഫെഫ്കയുടെ കീഴില്‍ വരുന്ന അയ്യായിരത്തോളം അംഗങ്ങളില്‍ നിന്നും നിലവില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. അവര്‍ക്ക് വേണ്ടുന്ന ധനസഹായം ഏപ്രില്‍ 14നുള്ളില്‍ തന്നെ നല്‍കും. ആവശ്യമുണ്ടെന്നു കണ്ടാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ കൊടുക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടു രീതിയിലുള്ള ധനസമാഹരണമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫെഫ്കയിലെ സാമ്പത്തിക ഭദ്രതയുള്ള അംഗങ്ങളും യൂണിയനുകളും ഇതിലേക്ക് പണം നല്‍കുന്നുണ്ട്. അതു കൂടാതെ ഫെഫ്കയ്ക്കു പുറത്തുള്ള നടീനടന്‍മാര്‍, നിര്‍മ്മാതാക്കള്‍, കമ്പനികള്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍ എന്നിവര്‍ക്കും സംഭാവനകള്‍ നല്‍കാന്‍ അവസരമൊരുക്കുന്നുണ്ട്. അവരും അതിനുള്ള താത്പര്യം കാണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ ചോദിക്കാതെ തന്നെ ഇതിനു സന്നദ്ധത പ്രകടിപ്പിച്ച് മുന്നിട്ടിറങ്ങി വന്നത് മോഹന്‍ലാലാണ്. അദ്ദേഹം ഏഴു ദിവസം മുമ്പ് തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന ദിവസ ജോലിക്കാര്‍ക്കായി വലിയൊരു തുക തന്നെ സംഭാവന നല്‍കാന്‍ തയ്യാറാണെന്നു നേരിട്ട് വിവരം അറിയിച്ചിരുന്നു. അദ്ദേഹത്തോട് പ്രത്യേകമായി നന്ദിയും അറിയിച്ചിരുന്നു. എന്നാല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തേണ്ടയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രണ്ടാമത് സന്നദ്ധത അറിയിച്ചെത്തിയത് അല്ലു അര്‍ജുനാണ്. തെലുങ്ക് പോലെ തന്നെ മലയാളവും തനിക്ക് പ്രിയപ്പെട്ടതാണെന്നു പറഞ്ഞ് വീണ്ടും ഫെഫ്കയുമായി ബന്ധപ്പെടുമെന്നറിയിച്ചിട്ടുണ്ട്. മഞ്ജു വാര്യരും വിളിച്ചിരുന്നു. ചെറുതല്ലാത്ത ഒരു തുക അയച്ചു തരുന്നുണ്ടെന്നും പറഞ്ഞു.
ഇവരാരും തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരെയും നിര്‍ബന്ധിക്കുന്നില്ല. സ്വയം മുന്നോട്ടു വരട്ടെയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവേഴ്‌സ് യൂണിയന്റെ കീഴിലെ 400 വണ്ടികളും ഡ്രൈവര്‍മാരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിട്ടു നല്‍കാമെന്ന് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് സ്വാഗതം ചെയ്തിട്ടുമുണ്ട്.
തമിഴില്‍ നടന്‍മാരായ രജനീകാന്ത്, പ്രകാശ്‌രാജ്, പാര്‍തിപന്‍, ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, തെലുങ്കില്‍ നടന്‍ നിതിന്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കിയിരുന്നു.
Content Highlights : covid 19 outbreak mohanlal, manju warrier and allu arjun donates to fefka for daily wage workers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..