ക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും നായകന്‍മാരായെത്തുന്ന സൂര്യവന്‍ശിയുടെ റിലീസ് നീട്ടിയതായി നിര്‍മാതാക്കള്‍. നിര്‍മാതാക്കളായ രോഹിത് ഷെട്ടി പിക്‌ചേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ഈ വിവരം അറിയിച്ചിരിക്കുകയാണ്.

'സൂര്യവന്‍ശി ഒരു വര്‍ഷത്തെ ഞങ്ങളുടെ അധ്വാനവും അര്‍പ്പണവും കൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന അനുഭവമാണ്. ട്രെയ്‌ലറിനു കിട്ടിയ വമ്പന്‍ സ്വീകാര്യത ഈ ചിത്രം പൂര്‍ണമായും പ്രേക്ഷകരുടേതെന്ന് തെളിയിക്കുന്നു. കൊവിഡ് 19 (കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ സൂര്യവന്‍ശിയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. ഞങ്ങളുടെ പ്രിയ പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം. സമയം ശരിയാകുമ്പോള്‍ ചിത്രമെത്തും. ഇപ്പോള്‍ സുരക്ഷയാണ് പ്രധാനം. ആകാംക്ഷയും പ്രതീക്ഷയും വിട്ടുകളയാതെ അതീവ സുരക്ഷിതരായി കരുതലോടെ കരുത്തരായി ഇരിക്കൂ.. നമ്മള്‍ ഇതിനെ അതിജീവിക്കും...'

അക്ഷയ്കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുകയാണ് അക്ഷയ് കുമാര്‍ നായകനാകുന്ന സൂര്യവന്‍ശി എന്ന ചിത്രം. ചിത്രത്തില്‍ അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. 

ഡി.സി.പി വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അഭ്രപാളിയിലെത്തിക്കുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന വീര്‍ സൂര്യവന്‍ശിയുടെ കുറ്റാന്വേഷണകഥയാണ് ചിത്രം പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.

ഹിമേശ് രേഷാമിയ, തനിഷ്‌ക് ബാഗ്ജി, എസ് തമന്‍, മീറ്റ് ബോസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്. മലയാളിയായ ജോമോന്‍ ടി ജോണ്‍ രവി കെ ചന്ദ്രന്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ലിംക ബുക്ക് ഓഫ് റെക്കോഡസില്‍ ഈയിടെ ഇടം നേടിയ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

sooryavanshi

Content Highlights : corona virus producers postpone sooryavanshi movie release akshay kumar