കൊച്ചി: സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിവിധ ചലച്ചിത്രസംഘടനകള്‍ യോഗംചേര്‍ന്നു. ഓണ്‍ലൈന്‍ റിലീസിനു താത്പര്യമുള്ള നിര്‍മാതാക്കളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്ത യോഗം ഇക്കാര്യത്തില്‍ എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ നിര്‍മാതാക്കളും തിയേറ്റര്‍ റിലീസിനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നാണു സൂചന.

ഓണ്‍ലൈന്‍ റിലീസ് പൂര്‍ണമായും തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

എന്നാല്‍, സിനിമാമേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഇക്കാര്യത്തില്‍ ഏകപക്ഷീയ പ്രഖ്യാപനമുണ്ടാകില്ലെന്നും യോഗം തീരുമാനിച്ചു.

റിലീസ് സംബന്ധിച്ച താത്പര്യം അറിയിക്കാനാവശ്യപ്പെട്ട്, തടസ്സപ്പെട്ടുകിടക്കുന്ന 66 സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് അസോസിയേഷന്‍ കത്തയച്ചിരുന്നു. ഇവരില്‍ ഓണ്‍ലൈന്‍ റിലീസിനു താത്പര്യമുള്ളവര്‍ മേയ് 30-നകം വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള സാമ്പത്തികഇടപാടുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത്, സെക്രട്ടറി ആന്റോ ജോസഫ്, 'ഫിയോക്' പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍, സെക്രട്ടറി എം.സി. ബോബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights : corona virus lockdown malayalam movies online release theatre release meeting held